ആശുപത്രികളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം: കെജിഎംഒയുടെ എതിർപ്പ് തള്ളി, ഡോക്ടർമാരുടെ പുനർവിന്യാസത്തിന് രൂപരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) ശക്തമായ എതിർപ്പ് തള്ളിയാണ് ഡോക്ടർമാരുടെ പുനർവിന്യാസത്തിനായുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയത്.
പുതിയ തസ്തികകൾ സൃഷ്ടിക്കാതെ പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കാനാണ് തീരുമാനം. പദ്ധതി ആദ്യമായി നടപ്പാക്കുന്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ അധികമായി നിയമിക്കും. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മാത്രം 74 ഡോക്ടർമാരെ പുനർവിന്യസിക്കും.
ആവശ്യാനുസരണം നഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ സേവനവും പ്രയോജനപ്പെടുത്തും. കൊല്ലത്തെ മാതൃക വിജയിക്കുന്നതോടെ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നില്ലെങ്കിലും പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ ജൂനിയർ കൺസൾട്ടന്റുമാരായി താത്കാലികമായി നിയമിക്കുകയും പിന്നീട് ഈ തസ്തികകൾ പുനർനാമകരണം ചെയ്യുകയും ചെയ്യും. പുനർവിന്യസിക്കപ്പെടുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പകരം ജോലിഭാരം കുറഞ്ഞ ആശുപത്രികളിൽ നിന്നുള്ളവരെയും പുതുതായി പ്രവേശിക്കുന്ന പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെയുമാണ് നിയമിക്കുക. പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത സ്പെഷ്യലിസ്റ്റ് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
