നേപ്പാൾ മിന്നൽ പ്രളയം; സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ടെലിഫോണിൽ സംസാരിച്ച ശേഷമാണ് മോദി പിന്തുണ വാഗ്ദാനം ചെയ്തത്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തിയ മോദി, ദുഷ്കരമായ ഈ സമയത്ത് നേപ്പാളിലെ ജനങ്ങൾക്ക് ഇന്ത്യയിലെ സഹോദരീസഹോദരന്മാർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ദൗത്യങ്ങളിലും ഇരുരാജ്യങ്ങളിലെയും പ്രത്യേക ടീമുകൾ സംയുക്തമായി ഏകോപനം നടത്തിവരികയാണെന്നും അദ്ദേഹം ‘എക്സ്’ (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
നേപ്പാളിൽ പ്രളയത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകൾ ഒലിച്ചുപോകുന്നതിൻ്റെയും ബഹുനില കെട്ടിടങ്ങൾ ചെളിയിൽ പുതഞ്ഞുപോയതിൻ്റെയും ചിത്രങ്ങളും ദൃശ്യങ്ങളും നേപ്പാൾ പോലീസും വാർത്താ ഏജൻസിയായ എ.എഫ്.പിയും പുറത്തുവിട്ടിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
