11 വർഷമായി ആർക്കും വേണ്ടാതെ മുന്നൂറു മുറികളുള്ള ഒരു മാൾ; ഉദ്ഘാടന ദിവസം താക്കോൽ വാങ്ങിയത് ആര്?

വടകര: കോടികൾ മുടക്കി പണിതുയർത്തിയ 300 മുറികളുള്ള നഗരസഭയുടെ ബി.ഒ.ടി സമുച്ചയം നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും നാഥനില്ലാതെ നശിക്കുന്നു. 2015 ജൂണിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഏറെ ആഘോഷത്തോടെ ഉദ്ഘാടനം നിർവഹിച്ച കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം ഒന്നു തുറക്കാൻ പോലും കഴിയാതെ കിടക്കുന്നത്. ഉദ്ഘാടന ദിവസം ചടങ്ങിൽ വെച്ച് കൈമാറിയ ഒരു മുറിയുടെ താക്കോൽ വാങ്ങി വെച്ചയാൾ പോലും ഇതുവരെയും ഇവിടെ കച്ചവടം തുടങ്ങിയിട്ടില്ല.
നാരായണ നഗറിൽ ബി.ഒ.ടി (BOT) അടിസ്ഥാനത്തിൽ വടകര നഗരസഭയും ഹോളിഡേ ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. നഗരസഭ സൗജന്യമായി വിട്ടുനൽകിയ രണ്ടേക്കറോളം വരുന്ന കണ്ണായ സ്ഥലത്താണ് ഹോളിഡേ ഗ്രൂപ്പ് കോടികൾ മുടക്കി മാൾ നിർമിച്ചത്. 2006-ൽ തുടക്കമിട്ട പദ്ധതി 2015-ൽ പണി പൂർത്തിയാകാതെ തന്നെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പിന്നീട് 2020-ലാണ് കെട്ടിടത്തിന് നഗരസഭ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയത്.
ലേലനടപടികൾ പോലുമില്ലാതെ ഉദ്ഘാടന ദിവസം കെട്ടിടത്തിന്റെ താക്കോൽ നൽകിയ നടപടിക്കെതിരെ തുടക്കം മുതലേ യു.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. മുൻകൂട്ടി ആളെ കണ്ടെത്തി താക്കോൽ നൽകിയത് ചട്ടലംഘനമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
പ്രവർത്തനം തുടങ്ങാത്തതിനെ തുടർന്ന് വൻ സാമ്പത്തിക നഷ്ടമാണ് നഗരസഭയ്ക്കും നിർമാണ കമ്പനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കരാർ പ്രകാരം കെട്ടിടത്തിലെ മുറികൾ വാടകയ്ക്ക് നൽകി ലഭിക്കുന്ന തുകയും അഡ്വാൻസും പങ്കിട്ടെടുക്കേണ്ടതായിരുന്നു. 25 വർഷത്തെ കാലാവധിക്ക് ശേഷം കെട്ടിടത്തിന്റെ പൂർണ അവകാശം നഗരസഭയ്ക്ക് കൈമാറണമെന്നാണ് വ്യവസ്ഥ.
നിലവിൽ മുറികളൊന്നും വാടകയ്ക്ക് പോകാത്തതിനാൽ കമ്പനി നൽകുന്ന പ്രതിവർഷം 24 ലക്ഷം രൂപ മാത്രമാണ് നഗരസഭയ്ക്ക് ലഭിക്കുന്ന വരുമാനം. എന്നാൽ തുക മുഴുവൻ നഷ്ടമായി സഹിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഹോളിഡേ ഗ്രൂപ്പ്. ചെറിയ കടകൾക്ക് നൽകുന്നതിന് പകരം വൻകിട ഷോപ്പിങ് മാളുകൾ വരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ വർഷങ്ങളായി കാത്തിരിക്കുന്നത്. എന്നാൽ വ്യാപാരികളോ വൻകിട സംരംഭകരോ ഇങ്ങോട്ടു തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.
നഗരത്തിലെ പ്രധാന പൊതുയിടവും മൈതാനത്തിന്റെ വലിയൊരു ഭാഗവും കൈയേറി പണിത കെട്ടിടം പൊതുജനങ്ങൾക്ക് ഉപകാരപ്പെടാതെ കിടക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നഗരസഭയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോടികളുടെ പദ്ധതി വെറുതെ ദ്രവിച്ചു തീരും.
