അധിക വരുമാനം ലക്ഷ്യംവെച്ച് കെ.എസ്.ആർ.ടി.സി; പരസ്യം ഉൾപ്പെടെ പ്രദർശിപ്പിക്കാൻ ഓർഡിനറി ബസുകളിൽ ടെലിവിഷൻ!

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി അധിക വരുമാനം ലക്ഷ്യമിട്ട് ബസുകളിൽ ഡിജിറ്റൽ പരസ്യങ്ങൾക്ക് തുടക്കമിടുന്നു. സർവീസ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സൂപ്പർഫാസ്റ്റ്, ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കുന്നത്. വിജയിച്ചാൽ പദ്ധതി മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
കെ.എസ്.ആർ.ടി.സിക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. ടി.വി സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും കരാർ കമ്പനിയായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രതിമാസം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും.
ഡ്രൈവർ സീറ്റിന് തൊട്ടുപിന്നിൽ യാത്രക്കാർക്ക് എളുപ്പത്തിൽ കാണാൻ സാധിക്കുന്ന രീതിയിലാകും ടി.വികൾ സജ്ജീകരിക്കുക. പരസ്യങ്ങൾക്ക് പുറമെ:
- തത്സമയ വാർത്തകൾ
- യാത്രാ വിവരങ്ങൾ (എത്തിയ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ്)
- ബസ് സമയക്രമം
- കെ.എസ്.ആർ.ടി.സിയുടെ മറ്റ് അറിയിപ്പുകൾ
എന്നിവയും സ്ക്രീനിൽ തെളിയും. അതേസമയം, പ്രദർശിപ്പിക്കുന്ന വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും കോർപ്പറേഷൻ മുൻകൂട്ടി പരിശോധിച്ച് അംഗീകാരം നൽകിയ ശേഷമേ സംപ്രേഷണം ചെയ്യാനാകൂ എന്ന കർശന ഉപാധിയുമുണ്ട്.
