ഓണം ചിരിച്ച് തകർക്കാം, പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു

പന്തളം: അസുഖ ബാധിതനായി ഒന്നര വർഷത്തോളമായി വിശ്രമത്തിലായിരുന്ന പ്രശസ്ത മിമിക്രി-സിനിമ താരം ഉല്ലാസ് പന്തളം വീണ്ടും ഹാസ്യവേദിയിലേക്ക് തിരിച്ചെത്തുന്നു. പക്ഷാഘാതത്തിന്റെ (സ്ട്രോക്ക്) തളർച്ചകളെ അതിജീവിച്ച്, സുഹൃത്തുക്കളുടെ പിന്തുണയോടെ പുതിയ കോമഡി ത്രില്ലർ സ്റ്റേജ് ഷോയുമായാണ് താരത്തിന്റെ മടങ്ങിവരവ്.
ഓണക്കാലത്തെ സ്റ്റേജ് പരിപാടികൾക്കായി മികച്ച ബുക്കിങ്ങാണ് ഇതിനകം ഉല്ലാസിനെ തേടിയെത്തിയിട്ടുള്ളത്. സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാർഥനകളും പിന്തുണയുമാണ് പ്രതിസന്ധികളെ മറികടക്കാൻ കരുത്തായതെന്ന് താരം പറയുന്നു. അസുഖം കാരണം കഴിഞ്ഞ ഒന്നര വർഷമായി വേദികളിൽ നിന്ന് മാറിനിൽക്കുകയായിരുന്ന ഉല്ലാസ് പന്തളത്തിന്റെ തിരിച്ചുവരവ് പ്രേക്ഷകർക്ക് വലിയ സന്തോഷമാണ് പകരുന്നത്.
കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ് നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തിരുവനന്തപുരത്തെ പന്തളം ബാലന്റെ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെ പ്രഫഷണൽ മിമിക്രി രംഗത്ത് ശ്രദ്ധേയനായി. പിന്നീട് ടെലിവിഷൻ കോമഡി ഷോകളിലൂടെ ജനപ്രിയനായ അദ്ദേഹം ‘കുട്ടനാടൻ മാർപ്പാപ്പ’, ‘നാം’, ‘ചിന്ന ദാദ’ തുടങ്ങിയ നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
