അച്ഛനോടൊപ്പം കടയിൽ പോയി മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പാവൂർ: അച്ഛനോടൊപ്പം കടയിൽ പോയി മടങ്ങുകയായിരുന്ന ഏഴു വയസ്സുകാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു. പെരുമ്പാവൂർ നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുങ്ങപ്രയിൽ വെച്ചായിരുന്നു അപകടം.
അച്ഛനൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരികെ നടന്നുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അമിതവേഗതയിലെത്തിയ ടോറസ് ലോറി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം കണ്ടയുടൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
