ശമ്പളം വെറും 12,000 രൂപ, ജീവിച്ചത് ആഡംബരത്തിൽ, കീർത്തനയും കാവ്യയും ഉണ്ടാക്കിയത് ലക്ഷങ്ങൾ

കോഴിക്കോട്: വടകരയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയും കാവ്യയും കോടികളുടെ ലഹരി ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തൽ. ബ്ലോക്ക് റിസോഴ്സ് സെന്ററിൽ (ബി.ആർ.സി) ജോലി ചെയ്തിരുന്ന ഇരുവർക്കും പ്രതിമാസം ലഭിച്ചിരുന്നത് വെറും 12,000 രൂപ ശമ്പളമായിരുന്നു. എന്നാൽ, ഈ തുച്ഛമായ വരുമാനത്തിന് വിരുദ്ധമായി ഇരുവരും നയിച്ചിരുന്നത് അതിആഡംബര ജീവിതമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ച ഇരുവരുടെയും ജീവിതരീതിയാണ് പോലീസിന് സംശയത്തിനിടയാക്കിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നത്. ലഹരിവിൽപനയിലൂടെ ലഭിക്കുന്ന പണത്തിന്റെ പൂർണ നിയന്ത്രണം അധ്യാപികമാർക്കായിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ച വൻ സംഘത്തെക്കുറിച്ചും അവർക്ക് നിർദേശം നൽകിയ സൂത്രധാരന്മാരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസും ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്ന വ്യക്തിയാണ് കീർത്തനയെന്നത് കേസിന്റെ വ്യാപ്തി കൂട്ടുന്നു. സംഭവത്തെ തുടർന്ന് കീർത്തനയെയും കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.
ക്യൂ.ആർ കോഡും ഗൂഗിൾ മാപ്പും വഴി ഇടപാടുകൾ
ആവശ്യക്കാരിൽ നിന്ന് ക്യൂ.ആർ കോഡ് വഴി അക്കൗണ്ടിലേക്ക് നേരിട്ട് പണം സ്വീകരിക്കുകയും, ലഹരി കൈമാറേണ്ട സ്ഥലം ഗൂഗിൾ മാപ്പ് വഴി അയച്ചുകൊടുത്ത് സംഘത്തിന് വഴിയൊരുക്കുകയുമായിരുന്നു ഇവരുടെ രീതി. കീർത്തനയുടെയും ലഹരിസംഘത്തിലെ മറ്റ് പ്രമുഖരുടെയും അക്കൗണ്ടുകളിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായും കണ്ടെത്തലുണ്ട്.
രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര സ്വദേശി സഫ്വാനെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിക്കുന്നത്. വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും അധ്യാപക പരിശീലനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യേണ്ട അധ്യാപികമാരെ ലഹരിസംഘം പ്രധാന ഇടനിലക്കാരാക്കുകയായിരുന്നു. അധ്യാപികമാർക്ക് പണം അയച്ചുനൽകിയവരെയും ലഹരിമരുന്ന് കൈമാറിയ പ്രധാന കണ്ണികളെയും കണ്ടെത്തുന്നതിനായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
