വാഹന ഇൻഷുറൻസിലെ ഈ ‘രഹസ്യം’ അറിയാമോ? കൈവിട്ടു പോകരുത് 15 ലക്ഷം രൂപ!

കാറപകടത്തിൽ മരിച്ച സജിത്ത് എന്ന വാഹന ഉടമയുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയായി ലഭിച്ചത് 15 ലക്ഷം രൂപയാണ്. എന്നാൽ മറ്റ് വ്യക്തിഗത ഇൻഷുറൻസ് പോളിസികളൊന്നും സജിത്തിനുണ്ടായിരുന്നില്ല, സ്വന്തം കാറിന്റെ മോട്ടർ ഇൻഷുറൻസ് മാത്രമായിരുന്നു ഏക ആശ്രയം. പോളിസിക്കൊപ്പം വാഹന ഉടമ നിർബന്ധമായും എടുക്കേണ്ട പേഴ്സണൽ ആക്സിഡന്റ് (PA) കവർ ഉണ്ടായിരുന്നു എന്നതാണ് ആ കുടുംബത്തിന് താങ്ങായത്. പല വാഹന ഉടമകളും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഈ ആക്സിഡന്റ് കവർ.
തേഡ് പാർട്ടി, ഓൺ ഡാമേജ് പോളിസികളിൽ വാഹനത്തിന്റെ റജിസ്റ്റേർഡ് ഓണറുടെ പേരിൽ അംഗീകൃത ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ നിർബന്ധമായും പ്രത്യേക പ്രീമിയം നൽകി പേഴ്സണൽ ആക്സിഡന്റ് കവർ എടുക്കേണ്ടതുണ്ട്. ‘ദി ഇന്ത്യ മോട്ടർ താരിഫ് 2002’ നിയമപ്രകാരമാണ് ഇത് നിർബന്ധമാക്കിയത്. മുൻപ് ഇരുചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷവും നാലുചക്ര വാഹനങ്ങൾക്ക് രണ്ടു ലക്ഷവുമായിരുന്ന കവറേജ്, 2018-ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് എല്ലാ വാഹനങ്ങൾക്കും 15 ലക്ഷം രൂപയായി ഉയർത്തി. വാഹന ഉടമ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെടുകയോ മരണപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്താൽ ഈ കവറേജ് ലഭിക്കും. മരണം സംഭവിച്ചാൽ മുഴുവൻ തുകയും പരുക്കേറ്റാൽ അതിന്റെ തോതനുസരിച്ചുമാണ് തുക അനുവദിക്കുക. പ്രൈവറ്റ് കാർ, ഇരുചക്ര വാഹനങ്ങൾ, ടാക്സി, വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഉടമകൾക്കെല്ലാം ഐആർഡിഎഐ (IRDAI) നിർദേശമനുസരിച്ച് ഈ പോളിസി ലഭ്യമാണ്. വാഹനാപകടം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ ഇത് ഏറെ സഹായകരമാണ്.
