വന്കൂട്ടായ്മകള്ക്ക് നിരോധനം, പോലീസ് സജ്ജം: പാര്‍ലമെന്റ് മാര്‍ച്ച നേരിടാന്‍ ഡല്‍ഹിയുടെ പ്ലാന്‍

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് തയ്യാറാകുമ്പോള്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഡല്‍ഹിപോലീസ്. പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 163 പ്രകാരം ഡല്‍ഹി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം സി.ജെ.പി. പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍, ന്യൂഡല്‍ഹി ജില്ലയില്‍ വന്‍കൂട്ടായ്മകള്‍ ഡല്‍ഹി പോലീസ് നിരോധിച്ചു.
നീറ്റ്-യുജിസി പരീക്ഷയിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമാണ് സി.ജെ.പി. മാര്‍ച്ച് പ്രഖ്യാപിച്ചത്. പ്രതിഷേധ മാര്‍ച്ചിനോ പ്രകടനത്തിനോ ഏതെങ്കിലും പാര്‍ട്ടി അനുമതി തേടുകയോ അത് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സെക്ഷന്‍ 163 ബി.എന്‍.എസ്.എസ്. നടപ്പിലാക്കിയ സാഹചര്യത്തില്‍, മുന്‍കൂര്‍ അനുമതിയോടെ മധ്യഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലെ നിശ്ചിത സമരസ്ഥലത്ത് ഒഴികെ, യാതൊരുവിധ പ്രതിഷേധ മാര്‍ച്ചുകളോ, പ്രകടനങ്ങളോ, ധര്‍ണ്ണകളോ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതോ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരം നടപടിയുണ്ടാകും. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലുടനീളം പ്രതിരോധ സുരക്ഷാ സജ്ജീകരണങ്ങള്‍ തുടരും. ന്യൂഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ബഹുതല ബാരിക്കേഡുകള്‍, വിപുലമായ നിരീക്ഷണം, അട്ടിമറി വിരുദ്ധ പരിശോധനകള്‍, 24 മണിക്കൂറും പട്രോളിംഗ് എന്നിവയോടെ നിരവധി പ്രവേശന കവാടങ്ങള്‍ അതീവ സുരക്ഷാ മേഖലകളാക്കി മാറ്റിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ വിപുലമായ മുന്‍കരുതല്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ന്യൂഡല്‍ഹി ജില്ലയിലേക്ക് പ്രവേശിക്കുന്ന ഓരോ വാഹനവും സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. തന്ത്രപ്രധാനമായ സ്ഥ
ലങ്ങളില്‍ കൂടുതല്‍ പോലീസ് പിക്റ്റുകള് സ്ഥാപിക്കുകയും റിസര്‍വ് സേനയെ സജ്ജമാക്കി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളില്‍ സി.സി.ടി.വി. നിരീക്ഷണവും ശക്തമാക്കി. ജന്തര്‍ മന്ദിര്‍, പാര്‍ലമെന്റ് സ്ട്രീറ്റ്, സെന്‍ട്രല്‍ വിസ്ത, കണോട്ട് പ്ലേസ്, ശങ്കര്‍ ചൗക്ക് തുടങ്ങിയ പ്രധാന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, വിദേശത്തുനിന്ന് മടങ്ങിയെത്തിയ 30 വയസ്സുകാരനായ ഒരു രാഷ്ട്രീയ പരിഹാസകനാണ് ദിപ്കെ. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലാ യിരുന്നപ്പോള്‍ സി.ജെ.പി. വെബ്സൈറ്റും അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ആരംഭിച്ചതിലൂടെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. താന്‍ ഒരു രാഷ്ട്രീയ പരിഹാസമായാണ് ഇത് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. പലരും മുന്‍പ് പലതവണ കേട്ടിട്ടുള്ള സാധാരണ വാചകക്കസര്‍ത്തു മാത്രമാണ് ഇയാളുടെ രാഷ്ട്രീയ പ്രതികരണങ്ങളെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
