ലിജോ ജോസ് പെല്ലിശ്ശേരി – ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ‘നായകന്’ 4Kയില്‍ റീറിലീസിന് ഒരുങ്ങി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘നായകൻ’ 4K ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 16 വർഷങ്ങൾക്ക് ശേഷമാണ് പുനഃപ്രദർശനത്തിനെത്തുന്നത്. സെപ്റ്റംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാനിറങ്ങുന്ന ‘വരദനുണ്ണി’ എന്ന കഥകളി കലാകാരന്റെ കഥപറഞ്ഞ ചിത്രം, റിലീസ് സമയത്ത് വലിയ തിയേറ്റർ വിജയം നേടിയില്ലെങ്കിലും പിൽക്കാലത്ത് പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് വരദനുണ്ണി വിലയിരുത്തപ്പെടുന്നത്.
പി.എസ്. റഫീഖിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിജയരാഘവൻ, ധന്യ മേരി വർഗീസ്, ലാലു അലക്സ്, ചെമ്പൻ വിനോദ് ജോസ്, കലാശാല ബാബു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
മനോജ് പരമഹംസ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതസംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവിയായിരുന്നു.
‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘ഫ്രണ്ട്സ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് ‘നായകന്റെ’യും 4K ഡോൾബി അറ്റ്മോസ് റീമാസ്റ്ററിങ് പൂർത്തിയാക്കിയത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
