രാഹുൽ ഗാന്ധിയുടെ പൂനെ പരിപാടിക്ക്ഇൻഫ്ലുവൻസർമാർക്ക് 25,000 രൂപ! വീഡിയോ പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: പൂനെയിൽ നടക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിയിൽ പങ്കെടുക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി ഭാരതീയ ജനതാ പാർട്ടി. ഓഗസ്റ്റ് 22-ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇൻഫ്ലുവൻസർമാർക്ക് 25,000 രൂപ നൽകിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഒരു ഫോൺ സംഭാഷണ വിഡിയോ പുറത്തുവിട്ടു.
പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളുമായി സംവദിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൂനെയിൽ എത്തുന്ന ഔട്ട്റീച്ച് പരിപാടിയാണ് ‘ഛത്രോം കി ഗൂഞ്ച്’. പരിപാടിയിൽ പങ്കെടുക്കാനും അതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ഇൻഫ്ലുവൻസറെ വിളിക്കുന്നതാണ് വിഡിയോയിലുള്ളതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. യാത്രാച്ചെലവ് അടക്കം 25,000 രൂപ പ്രതിഫലം നൽകുമെന്ന് ഫോണിൻ്റെ മറുതലയ്ക്കൽ ഉള്ളയാൾ വ്യക്തമാക്കുന്നുണ്ട്.
ഫോൺ വിളിച്ചയാൾ ‘ശാന്തനു’ എന്ന് സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ പേരോ ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിയുടെ പേരോ സംഭാഷണത്തിൽ നേരിട്ട് പറയുന്നില്ല. എന്നാൽ, ഓഗസ്റ്റ് 22-ന് നടക്കാനിരിക്കുന്ന പരിപാടിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഉള്ളടക്കം അന്നേദിവസമോ തൊട്ടടുത്ത ദിവസമോ അപ്ലോഡ് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.
“രാഹുൽ ഗാന്ധിക്കായി പൊതുപിന്തുണ പോലും വിലയ്ക്കുവാങ്ങേണ്ടി വരുന്നു” എന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ‘എക്സി’ൽ കുറിച്ചു. പരിപാടിക്ക് ആളെക്കൂട്ടാൻ പോലും പണം നൽകേണ്ടിവരുന്ന അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വമെന്നും തോൽവി നേരിടുമ്പോൾ ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തുകയാണ് നേതാക്കളെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം, കർശന നിബന്ധനകളോടെയാണ് പൂനെ പൊലീസ് പരിപാടിക്ക് അനുമതി നൽകിയിരിക്കുന്നത്. പ്രകോപനപരമായ പോസ്റ്ററുകളോ ബാനറുകളോ ഉപയോഗിക്കരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. നിയമലംഘനമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
