യഷിന്റെ ‘ടോക്സിക്’ ഇന്ന് തിയറ്ററുകളിൽ, സംവിധാനം ഗീതു മോഹൻദാസ്

കൊച്ചി: തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ തിയറ്ററുകളിലെത്തി. കന്നഡ, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അധികാര കൈമാറ്റവും അതിനെത്തുടർന്നുണ്ടാകുന്ന അപകടകരമായ സംഘർഷങ്ങളും പ്രമേയമാകുന്ന ഈ ഗ്യാങ്സ്റ്റർ ഡ്രാമ കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്.
ക്രൈം, കുടുംബബന്ധങ്ങൾ, വിശ്വസ്തത, വഞ്ചന എന്നിവയെല്ലാം പ്രമേയമാകുന്ന ചിത്രം മലയാളത്തിൽ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ നിർണായക ചുവടുവെപ്പാണ്. റായ, ടിക്കറ്റ് എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.
രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഉജ്വൽ കുൽക്കർണിയും പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദും നിർവഹിക്കുന്നു. ‘ജോൺ വിക്ക്’ ഫെയിം ജെ.ജെ. പെറി, അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങളൊരുക്കിയ ചിത്രം KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.
