മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി ; ഗുണ്ടാനേതാവ് അര്ജുന് ആയങ്കിക്കെതിരെ വീണ്ടും കേസ്

മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസിൽ ഗുണ്ടാനേതാവ് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. അധിക്ഷേപ പരാമർശങ്ങളിലൂടെ സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന മനോജ് ജോസ് എന്നയാളുടെ പരാതിയിൽ ആലുവ സൈബർ പൊലീസാണ് നടപടിയെടുത്തത്. കലാപശ്രമം, ഐ.ടി ആക്ടിലെ 67-ാം വകുപ്പ് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ പരാതിയിലായിരുന്നു അന്ന് നടപടി.
കഴിഞ്ഞ മെയ് മാസത്തിൽ സംഘടിത കുറ്റകൃത്യ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കോതമംഗലം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അർജുൻ ആയങ്കി അടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് 21 ദിവസം ജയിൽവാസം അനുഭവിച്ച ശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്. തുടർന്ന്, തന്ന അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ ഭീഷണിസന്ദേശവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെ ഊന്നുകൽ പൊലീസും കേസെടുത്തിരുന്നു.
നിലവിൽ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കെ, ഒളിവിലിരുന്നും ഇയാൾ സർക്കാറിനെയും പൊലീസിനെയും പരിഹസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കുന്നുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ജീവിതം തകർത്ത സിസ്റ്റമാണ് തന്നെ ഈ രീതിയിലേക്ക് നയിച്ചതെന്നും ഇയാൾ ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു. കള്ളക്കേസുകളിൽ പുനരന്വേഷണം വേണമെന്നാണ് ഇയാളുടെ പ്രധാന ആവശ്യം.
