മരച്ചുവട്ടില്‍ കൂളിംഗ് ഗ്ലാസും വച്ച് സാരിയുടുത്ത് ധ്യാനനിമഗ്നയായി പേര്‍ളി മാണി; ‘ക്ലാസ്സ് എടുക്കൽ ഒന്നും ഏറ്റില്ല, അപ്പുക്കുട്ടാ ഓവറാക്കി ചളമാക്കണ്ട’ എന്നതടക്കം ട്രോളുകള്‍

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ വ്യാപക വിമർശനങ്ങളും ട്രോളുകളും നേരിട്ട അവതാരകയും യൂട്യൂബറുമായ പേർളി മാണി പുതിയ ചിത്രം പങ്കുവെച്ചു. മരച്ചുവട്ടിൽ സാരിയുടുത്ത് കൂളിംഗ് ഗ്ലാസും ധരിച്ച് ധ്യാനത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
“നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം നിങ്ങളുടെ മനസ്സാണ്. സന്തോഷമായിരിക്കുക, ശാന്തമായിരിക്കുക… ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു,” എന്ന കുറിപ്പോടെയാണ് പേർളി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് ലവ് ഇമോജിയുമായി കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥി സമരത്തെക്കുറിച്ചുള്ള പോസ്റ്റിലെ നിലപാട് ‘സേഫ് ഗെയിം’ ആണെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേർളി മാണി സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നേരിടുകയായിരുന്നു. വിമർശനം ഉന്നയിച്ചവരെ താരം ബ്ലോക്ക് ചെയ്തെന്ന ആരോപണവും ഉയർന്നതോടെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സിനെയും താരത്തിന് നഷ്ടമായിരുന്നു.
തുടർന്ന് വിഷയത്തിൽ വ്യക്തത വരുത്തി ദീർഘമായ വിശദീകരണ വീഡിയോയുമായി പേർളി രംഗത്തെത്തിയിരുന്നു. താൻ നോട്ട്പാഡിൽ കുറിച്ച വരികളിലെ ഉദ്ദേശ്യം ആളുകൾ തെറ്റായി മനസ്സിലാക്കിയതാണെന്നും, വാർത്തകളുടെയും സോഷ്യൽ മീഡിയയിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചതെന്നും പേർളി വ്യക്തമാക്കി. എന്നാൽ, ഈ വിശദീകരണത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ശക്തമാകുകയായിരുന്നു.
പുതിയ ചിത്രത്തിനും സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. “ശാന്തമായ മനസ്സ് മനോഹരമായ ഒരു ജീവിതം സൃഷ്ടിക്കും, പേർളി പോസിറ്റീവായി മുന്നോട്ട് പോകണം” എന്ന് ആരാധകർ പിന്തുണയ്ക്കുമ്പോൾ, “വ്യാജ മുഖമൂടി അണിഞ്ഞതുകൊണ്ട് യാഥാർത്ഥ്യം മാറില്ല”, “ക്ലാസെടുക്കലൊന്നും ഏറ്റില്ല, ട്രോളുകൾ കാണാൻ വന്നതാണ്” എന്നിങ്ങനെയുള്ള വിമർശന കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.
