മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന് ആരോപണം: കരിമണ്ണൂർ സി.ഐയെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞു; ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും ചീട്ടുകളും പിടിച്ചെടുത്തു
തൊടുപുഴ: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് ഇൻസ്പെക്ടറെയും ഡ്രൈവറെയും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കരിമണ്ണൂർ സി.ഐ റോയ് സുകുമാരനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയുമാണ് നാട്ടുകാർ തടഞ്ഞത്. ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണുന്നതിനായി ആളുകൾ ഒത്തുകൂടിയ സ്ഥലത്താണ് ഉദ്യോഗസ്ഥർ മദ്യപിച്ച് എത്തിയെന്ന പരാതി ഉയർന്നത്.
പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതോടെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ജീപ്പിൽ നിന്ന് വിദേശമദ്യക്കുപ്പി, ചീട്ടുകൾ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത സി.ഐ റോയ് സുകുമാരനെയും ഡ്രൈവറെയും തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ അറിയിച്ചു.
