മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’: മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

തിരുവനന്തപുരം: അമ്മമാർ തങ്ങളുടെ പരമ്പരാഗത ഭക്ഷണരീതികൾ മകന്റെ ഭാര്യമാർക്ക് പകർന്നു നൽകണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടേത് തീർത്തും സ്ത്രീവിരുദ്ധവും പാരമ്പര്യവാദപരവുമായ നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും വിമർശനം കടുക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
“കല ഉൾപ്പെടെയുള്ള പരമ്പരാഗത കാര്യങ്ങൾ നിലനിർത്തപ്പെടേണ്ടതുണ്ട്. മുൻ തലമുറകൾ അത് നമുക്ക് പകർന്നു തന്നു. എന്നാൽ ഇന്നത്തെ തലമുറ ഇത് അടുത്തതിലേക്ക് കൈമാറുന്നില്ല. ഞാൻ ചില അമ്മമാരോട് പരാതിപ്പെടാറുണ്ട്; പ്രത്യേക തരം വിഭവങ്ങൾ ഉണ്ടാക്കുന്നവർ അത് മക്കൾക്ക് പഠിപ്പിച്ചു നൽകുന്നില്ല. സ്വന്തം മക്കൾക്കോ, അതല്ലെങ്കിൽ മകന്റെ ഭാര്യയായി വരുന്നയാൾക്കോ എങ്കിലും ആ ഭക്ഷണത്തിന്റെ പ്രത്യേകതകളും പാചകരീതിയും പറഞ്ഞു കൊടുക്കണം.” – ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
പാചകവും വീട്ടുജോലികളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പുരുഷാധിപത്യ ചിന്താഗതിയെ അടിവരയിടുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും പാചകം ഉൾപ്പെടെയുള്ള ഗാർഹിക ജോലികൾ പരിശീലിക്കേണ്ട കാലത്ത് ഇത്തരം പരാമർശങ്ങൾ തികച്ചും നിർഭാഗ്യകരമാണെന്നാണ് ഉയർന്നുവരുന്ന അഭിപ്രായം.
വിഷയത്തിൽ മുഖ്യമന്ത്രിയെ തിരുത്തി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. “വീട്ടുജോലികൾ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണമെന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരെ കൊണ്ടുവന്നതാണ്, എന്നിട്ടും…!” എന്ന് മുൻമന്ത്രി വി. ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. എഴുത്തുകാരി ശാരദക്കുട്ടി ഉൾപ്പെടെയുള്ള സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
