ബുംറ തിരിച്ചെത്തി, സാരാൻഷ് ജെയിൻ പുതുമുഖം; ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന മുൻനിര ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസ് കുന്തമുന ജസ്പ്രീത് ബുംറ, സായ് സുദർശൻ എന്നിവർ ടീമിൽ തിരിച്ചെത്തി. എന്നാൽ, ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് കായികക്ഷമത തെളിയിക്കുന്നതിന് വിധേയമായി മാത്രമായിരിക്കും ഇവർ അന്തിമ ഇലവന്റെ ഭാഗമാവുക.
പരിക്കുമൂലം വലയുന്ന സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെ ആദ്യ ടെസ്റ്റിൽ ഒഴിവാക്കി. ഫിറ്റ്നസ് വീണ്ടെടുക്കുന്ന മുറയ്ക്ക് രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് സുന്ദറിനെ പരിഗണിക്കും. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലാണ്.
ശ്രീലങ്കൻ ‘എ’ ടീമിനെതിരായ ചതുർദിന മത്സരത്തിൽ 70 റൺസും ആറ് വിക്കറ്റും വീഴ്ത്തി തിളങ്ങിയ ഓഫ് സ്പിന്നർ സാരാൻഷ് ജെയിനാണ് ടീമിലെ ഏക പുതുമുഖം. അഫ്ഗാനിസ്ഥാനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ ഏഴ് വിക്കറ്റുകളുമായി ശ്രദ്ധേയനായ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതാർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും സ്പിൻ വിഭാഗത്തിൽ സ്ഥാനം നിലനിർത്തി. അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്ന ഹർഷ് ദുബെയ്ക്ക് സെലക്ടർമാർ അവസരം നൽകിയില്ല.
ബുംറയ്ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ എന്നിവരാണ് പേസ് നിരയിലുള്ളത്. ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവർ ബാറ്റിംഗ് നിരയ്ക്ക് കരുത്തുപകരുമ്പോൾ റിഷഭ് പന്തും ധ്രുവ് ജുറെലുമാണ് വിക്കറ്റ് കീപ്പർമാർ. പരമ്പരയ്ക്ക് മുന്നോടിയായി ഓഗസ്റ്റ് ഏഴ് മുതൽ ഇന്ത്യൻ ടീം ശ്രീലങ്കയിൽ ചതുർദിന പരിശീലന മത്സരം കളിക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ ഇന്ത്യക്ക് ഈ പരമ്പരയിലെ സമ്പൂർണ ജയം അനിവാര്യമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ അഞ്ചാമതും ശ്രീലങ്ക ആറാമതുമാണ്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയോടേറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
പരിശീലകൻ ഗൗതം ഗംഭീറിനും പരമ്പര നിർണായകമാണ്. ഗംഭീർ ചുമതലയേറ്റ ശേഷം ടെസ്റ്റ് ടീം നേരിട്ട തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനാൽ ശ്രീലങ്കൻ മണ്ണിൽ ആധികാരിക ജയം നേടി തിരിച്ചുവരവ് നടത്തേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15-ന് ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ കൊളംബോയിലും നടക്കും.
ഇന്ത്യൻ ടീം:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജൂറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, സാരാൻഷ് ജെയിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ.
