പനി പടരുമ്പോള്‍ ഒപ്പം കരുതലും പകരണം

കേരളം വീണ്ടും ഒരു പകര്‍ച്ചവ്യാധിക്കാലത്തിന്റെ വാതില്ക്കല് നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 4,405 ഇന്‍ഫ്ലുവന്‍സ കേസുകളും 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിനൊപ്പം കൊച്ചിയില്‍ ഷിഗെല്ല ബാക്ടീരിയ മൂലമുള്ള ഷിഗെല്ലോസിസ് രോഗം സ്ഥിരീകരിച്ചതും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ഇവ രണ്ടും സ്വഭാവത്തില്‍ വ്യത്യസ്ത രോഗങ്ങളാണെങ്കിലും നല്കുന്ന സന്ദേശം ഒന്നുതന്നെയാണ് – പൊതുജനാരോഗ്യത്തെ നാം ഇപ്പോഴും വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല.
കോവിഡ് മഹാവ്യാധിക്കുശേഷം മാസ്ക്, കൈകഴുകല്‍, ശ്വാസകോശ ശുചിത്വം, രോഗലക്ഷണങ്ങളുള്ളപ്പോള്‍ വീട്ടില്‍ വിശ്രമിക്കല്‍ തുടങ്ങിയ ആരോഗ്യശീലങ്ങള്‍ സമൂഹത്തില്‍നിന്ന് വേഗത്തില്‍ അപ്രത്യക്ഷമായി. അതിന്റെ പ്രത്യാഘാതമാണ് ഇന്ന് ഇന്‍ഫ്ലുവന്‍സ പോലുള്ള ശ്വാസകോശരോഗങ്ങളുടെ വര്‍ധനയിലും ഭക്ഷ്യജന്യരോഗങ്ങളുടെ ആവര്‍ത്തനത്തിലും കാണുന്നത്.
ഇന്‍ഫ്ലുവന്‍സയെ പലരും ഇപ്പോഴും ‘സാധാരണ പനി’ എന്ന നിലയിലാണ് കാണുന്നത്. എന്നാല്‍ അത് യാഥാര്‍ഥ്യത്തോട് യോജിക്കുന്ന വിലയിരുത്തലല്ല. ഇന്‍ഫ്ലുവന്‍സ എ വൈറസ്, പ്രത്യേകിച്ച് എച്ച്1എന്‍1, ചില വിഭാഗം ആളുകള്‍ക്ക് ജീവന് തന്നെ അപകടത്തിലാക്കാന്‍ കഴിയുന്ന രോഗമാണ്. പ്രായമായവര്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗം, ആസ്ത്മ തുടങ്ങിയ ദീര്‍ഘകാല രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ചെറിയ കുട്ടികള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യത നേരിടുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. പ്രായമായവരില്‍ ഇന്‍ഫ്ലുവന്‍സ എല്ലായ്പ്പോഴും ശക്തമായ പനിയോ കടുത്ത ശരീരവേദനയോ കൊണ്ടാവണമെന്നില്ല തുടങ്ങുന്നത്. ചിലപ്പോള്‍ ചെറിയ ക്ഷീണം, വിശപ്പില്ലായ്മ, നേരിയ ചുമ, ശ്വാസതടസ്സം എന്നിവ മാത്രമായിരിക്കും ആദ്യം കാണുക. അതിനാല്‍ രോഗം തിരിച്ചറിയാന്‍ വൈകുകയും പിന്നീട് ന്യൂമോണിയ പോലുള്ള ഗുരുതര സങ്കീര്‍ണതകളിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ‘പനിയേല്ല, രണ്ടുദിവസം കഴിഞ്ഞാല്‍ മാറും’ എന്ന സമീപനം അപകടകരമാണ്.
അതേസമയം, കൊച്ചിയിലെ ഷിഗെല്ല സാധ്യത മറ്റൊരു പ്രധാന പാഠമാണ് നല്‍കുന്നത്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗങ്ങള്‍ ഇന്നും നമ്മുടെ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതും തുടര്‍ന്ന് പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ചതും ഭക്ഷ്യസുരക്ഷയില്‍ ഒരു നിമിഷം പോലും അലംഭാവത്തിന് ഇടമില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ഷിഗെല്ലോസിസ് ഒരു ബാക്ടീരിയല്‍ രോഗമാണ്. വയറിളക്കം, പനി, വയറുവേദന, ചിലപ്പോള്‍ രക്തം കലര്‍ന്ന മലവിസര്‍ജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലും പ്രായമായവരിലും രോഗം കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, രോഗത്തേക്കാള്‍ അപകടകരമായത് രോഗവ്യാപനമാണ്. ശുചിത്വക്കുറവും സുരക്ഷിതമല്ലാത്ത ഭക്ഷണവും മലിനമായ വെള്ളവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
ഈ രണ്ട് രോഗങ്ങളെയും ഒരുമിച്ച് നോക്കുമ്പോള്‍ വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നു. ശ്വാസകോശരോഗങ്ങളും ഭക്ഷ്യജന്യരോഗങ്ങളും വര്‍ധിക്കുന്നത് ചികിത്സാ സംവിധാനത്തിന്റെ മാത്രം പ്രശ്നമല്ല; അത് നമ്മുടെ സാമൂഹിക പെരുമാറ്റത്തിന്റെയും പൊതുആരോഗ്യ സംസ്കാരത്തിന്റെയും പ്രതിഫലനമാണ്.
സര്‍ക്കാര്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ള നിരീക്ഷണ നടപടികളും ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളും അഭിനന്ദനാര്‍ഹമാണ്. ജില്ലകളില്‍ ഇന്‍ഫ്ലുവന്‍സ പോലുള്ള രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കുകയും ചികിത്സാ പ്രോട്ടോക്കോളുകള്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നടപടികള്‍ മാത്രം മതിയാകില്ല. ജനങ്ങളുടെ സഹകരണം കൂടിയുണ്ടെങ്കില്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയൂ.
ഓരോ കുടുംബവും പാലിക്കേണ്ട ചില ലളിതമായ ആരോഗ്യശീലങ്ങളുണ്ട്. പനിയോ ചുമയോ ഉണ്ടെങ്കില്‍ വീട്ടില്‍ വിശ്രമിക്കുക. പ്രായമായവരുടെയും രോഗപ്രതിരോധശേഷി കുറഞ്ഞവരുടെയും സമീപത്ത് മാസ്ക് ധരിക്കുക. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടുക. മതിയായ വെള്ളം കുടിക്കുകയും ശരീരത്തിന് വിശ്രമം നല്‍കുകയും ചെയ്യുക. സ്വയം ആന്റിബയോട്ടിക് വാങ്ങിക്കഴിക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടുക. ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് ആവശ്യമായപ്പോള്‍ ആന്റിവൈറല്‍ ചികിത്സ വൈകാതെ ആരംഭിക്കുന്നതും നിര്‍ണായകമാണ്.
ഭക്ഷ്യസുരക്ഷയിലും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. പുറത്തുനിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ വിശ്വാസ്യതയുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കണം. പാകം ചെയ്ത ഭക്ഷണം മണിക്കൂറുകളോളം സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. ശുദ്ധജലം മാത്രമേ കുടിക്കാവൂ. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം ഉപയോഗിക്കണം. ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികാരികളുടെ ബാധ്യതയാണ്.
കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. എന്നാല്‍, ആ നേട്ടം നിലനിര്‍ത്തണമെങ്കില്‍ ആശുപത്രികളുടെ എണ്ണം കൂട്ടുന്നതിലോ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലോ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. രോഗപ്രതിരോധമാണ് ആരോഗ്യരംഗത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്ന തിരിച്ചറിവ് സമൂഹത്തിനാകെ ഉണ്ടാകണം.
പകര്‍ച്ചവ്യാധികളെ ചെറുക്കുന്നത് മരുന്നുകള്‍ കൊണ്ടുമാത്രമല്ല; ഉത്തരവാദിത്വമുള്ള പൗരബോധം കൊണ്ടുകൂടിയാണ്. ചെറിയ പനിയെ അവഗണിക്കാതിരിക്കുകയും, സുരക്ഷിതമായ ഭക്ഷണശീലങ്ങള്‍ പാലിക്കുകയും, രോഗബാധിതരെ കരുതലോടെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന് മാത്രമേ ഇത്തരം രോഗവ്യാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയൂ.
ഇന്‍ഫ്ലുവന്‍സയുടെയും ഷിഗെല്ലയുടെയും ഇപ്പോഴത്തെ കണക്കുകള്‍ ഭീതി സൃഷ്ടിക്കേണ്ടതില്ല. പക്ഷേ അവ ഒരു വ്യക്തമായ മുന്നറിയിപ്പാണ്. ആ മുന്നറിയിപ്പ് സമയത്ത് തിരിച്ചറിഞ്ഞ് ആരോഗ്യശീലങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞാല്‍ ഈ രോഗങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം ഗണ്യമായി കുറയ്ക്കാനാകും. പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല;ഓരോ പൗരന്റെയും ദൈനംദിന ഉത്തരവാദിത്വമാണെന്ന ബോധ്യമാണ് ഈ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യം.
