നീറ്റ് പരിഷ്കരണങ്ങളില്‍ വ്യക്തതവേണം ; എന്‍.ടി.എ, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ മറുപടി തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് അണ്ടർഗ്രാജ്വേറ്റ് പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും (എൻ.ടി.എ) കേന്ദ്ര സർക്കാറിനോടും സുപ്രീം കോടതി നിർദേശിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയിലെ തുടർച്ചയായ വീഴ്ചകൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് മറുപടി ആവശ്യപ്പെട്ടത്.
ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (FAIMA), യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ ഹരജിയിൽ, രാധാകൃഷ്ണൻ കമ്മിറ്റി നിർദേശിച്ച പരിഷ്കരണങ്ങളിൽ ഓഗസ്റ്റ് മൂന്നിനകം വ്യക്തത വരുത്താൻ കേന്ദ്രത്തോട് ഉത്തരവിട്ടു.
ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കമ്മിറ്റി മുന്നോട്ടുവെച്ച ‘ഹൈബ്രിഡ് പരീക്ഷാ മാതൃക’യോട് പ്രതികരിക്കാൻ എൻ.ടി.എയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ ചോദ്യപ്പേപ്പറുകൾ കേന്ദ്രങ്ങളിലെത്തിച്ച് പരീക്ഷയ്ക്ക് അരയോ ഒരു മണിക്കൂറോ മുമ്പ് മാത്രം പ്രിന്റ് ചെയ്യുന്ന രീതിയാണിത്. ചോദ്യപ്പേപ്പർ കൊണ്ടുപോകുന്നതിലെ സുരക്ഷാ വീഴ്ച തടയാൻ ഇത് സഹായിക്കും.
വ്യോമസേനയെ ഉപയോഗിച്ച് ചോദ്യപ്പേപ്പർ എത്തിക്കുന്നത് താൽക്കാലിക പരിഹാരം മാത്രമാണെന്നും സുസ്ഥിരമായ സംവിധാനമാണ് വേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. എൻ.ടി.എ ഗവേണിങ് ബോർഡ് പുനഃസംഘടന, വിദഗ്ധരുടെ പങ്കാളിത്തം, ചോദ്യപ്പേപ്പർ അച്ചടിയും വിതരണവും തുടങ്ങിയവയിലെ വ്യക്തമായ വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഓഗസ്റ്റ് മൂന്നിന് വീണ്ടും പരിഗണിക്കും.
