‘നിങ്ങൾ സ്വയം ഒരു നേതാവെന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു’; ഉദയനിധിക്കെതിരെ ഖുശ്ബു

ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കടുത്ത വിമർശനവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു രംഗത്ത്. ഒരു യുവനേതാവിൽ നിന്നും പ്രതിപക്ഷ നിരയിൽ നിർത്തപ്പെടുന്ന ഒരാളിൽ നിന്നും ഒരിക്കലും ഇത്തരം നിലവാരമില്ലാത്ത പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
ഒരു സ്ത്രീയെ മുൻനിർത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഉദയനിധി എത്രത്തോളം രാഷ്ട്രീയമായി ദുർബലനാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇങ്ങനെയുള്ള ഒരാൾ സ്വയം ശക്തനായ നേതാവാണെന്ന് അവകാശപ്പെടുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും അവർ കുറ്റപ്പെടുത്തി.
മുൻ ഉപമുഖ്യമന്ത്രിയും യുവജനകാര്യ മന്ത്രിയുമായിരുന്നതിനാൽ ഇദ്ദേഹത്തിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സമൂഹം പ്രതീക്ഷിച്ചത്. എന്നാൽ, ഉദയനിധിയിൽ നിന്ന് ഇത്രത്തോളം അസംസ്കൃതവും നിലവാരം കുറഞ്ഞതുമായ പ്രസ്താവനകൾ ഉണ്ടായത് അത്ഭുതപ്പെടുത്തുന്നു. താൻ നടത്തിയ പരാമർശത്തിൽ ചെറിയൊരു ഖേദം പ്രകടിപ്പിക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി.
ഡിഎംകെയിൽ സ്ത്രീകൾ നിരന്തരം അടിച്ചമർത്തപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. ഇത്തരം സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾ ആ പാർട്ടി തുടർന്നുകൊണ്ടിരിക്കുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇത്തരം മോശം പ്രതികരണങ്ങൾ കേട്ട് ആർത്തുവിളിക്കുന്നവർ തങ്ങളുടെ സ്ത്രീവിരുദ്ധവും വൃത്തികെട്ടതുമായ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നതെന്നും അവർ പറഞ്ഞു.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഖുശ്ബു രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഡിഎംകെ ഇതുവരെ ജീവിച്ചിരുന്നത് ഒരു മിഥ്യാബലൂണിലാണ്. എന്നാൽ, ആ ബലൂൺ പൊട്ടിത്തെറിച്ചതായി സമീപകാല തിരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
