നായകനായും ഞെട്ടിച്ച് ലോകേഷ് കനകരാജ്, ഓപ്പണിംഗ് കളക്ഷൻ വൻ തുക

ചെന്നൈ: സംവിധായകന്റെ തൊപ്പി അഴിച്ചുവെച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ലോകേഷ് കനകരാജ്. നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ എന്ന ചിത്രത്തിന് ആദ്യദിനം ആഗോളതലത്തിൽ ആറ് കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിച്ചിരിക്കുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. വയലൻസിനും പ്രണയത്തിനും ഒപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യമുള്ള ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ‘ഡിസി’ പ്രേക്ഷകരിലേക്ക് എത്തിയത്. ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും 23 മിനിറ്റുമാണ്.
ദേവദാസ് എന്ന കേന്ദ്രകഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. ചന്ദ്ര എന്ന നായികാവേഷം വാമിക ഗബ്ബിയും കൈകാര്യം ചെയ്യുന്നു. സഞ്ജന കൃഷ്ണമൂർത്തിയാണ് മറ്റൊരു പ്രധാന താരം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം തിയറ്ററുകളിലെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണ പങ്കാളികൾ.
അരുൺ രഞ്ജനാണ് അഡീഷണൽ സ്ക്രീൻപ്ലേ. സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്. മുകേഷ് ജി ഛായാഗ്രഹണവും ജി.കെ. പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കണ്ണൻ എസ് (കലാസംവിധാനം), പി.സി. സ്റ്റണ്ട്സ് (സാഹസിക രംഗങ്ങൾ), അരുൺ മാതേശ്വരൻ, പെരുമാൾ ശെൽവം (വസ്ത്രാലങ്കാരം), വിനോദ് സുകുമാരൻ (ചമയം), രംഗ (കളറിസ്റ്റ്), പ്രവീൺ ഡി (വി.എഫ്.എക്സ്), കബിലൻ ചെല്ലയ്യ (പബ്ലിസിറ്റി ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പി.ആർ.ഒ: ശബരി.
