നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ ശ്രദ്ധയാകര്ഷിക്കുന്നു ; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ഹൈദരാബാദ്: തെലുങ്ക് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ടീസർ പുറത്തിറങ്ങി. 1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള, ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 2026 സെപ്റ്റംബർ 24-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
വലിയ വിജയമായിരുന്ന ‘ദസറ’ക്ക് ശേഷം നാനി-ശ്രീകാന്ത് ഒഡേല കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ (SLV Cinemas) ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മാണം.
ഹൈ-വോൾട്ടേജ് ആക്ഷൻ, അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളുമാണ് ടീസറിന്റെ പ്രധാന ആകർഷണം. വയലൻസിന് പ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേതെന്ന സൂചനയും ടീസർ നൽകുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതം ടീസറിന്റെ ആവേശം ഇരട്ടിയാക്കുന്നു.
‘ജദാൽ’ എന്ന കഥാപാത്രമായി, കരിയറിലെ ഏറ്റവും ശക്തമായ മാസ് അവതാരത്തിലാണ് നാനി ചിത്രത്തിലെത്തുന്നത്. നാനിയുടെ പുതിയ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ‘വിക്രം മാലിക്കി’നെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രാഘവ് ജൂയലാണ്. വ്യത്യസ്തമായ ലുക്കിലെത്തുന്ന രാഘവിന്റെ ഗ്ലിമ്പ്സ് വീഡിയോയും മുൻപ് ശ്രദ്ധ നേടിയിരുന്നു.
നേരത്തെ പുറത്തിറങ്ങിയ, അനിരുദ്ധ് ഈണമിട്ട “ആയാ ഷേർ” എന്ന ഗാനവും അതിലെ നാനിയുടെ ഹുക്ക് സ്റ്റെപ്പും ആഗോളതലത്തിൽ വൈറലായിരുന്നു. ‘ജേഴ്സി’, ‘ഗാംഗ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
എട്ട് ഭാഷകളിൽ റിലീസ്
നാനിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായി ഒരുങ്ങുന്ന ‘ദ പാരഡൈസ്’ എട്ട് ഭാഷകളിലാണ് തിയറ്ററുകളിലെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
മോഹൻ ബാബു, സമ്പൂർണേഷ് ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.സി.എച്ച്. സായ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നവീൻ നൂലിയാണ് കൈകാര്യം ചെയ്യുന്നത്. അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനും ശബരി പി.ആർ.ഒ ചുമതലകളും നിർവ്വഹിക്കുമ്പോൾ സരിഗമ മ്യൂസിക് ആണ് ഓഡിയോ ലേബൽ സ്വന്തമാക്കിയിരിക്കുന്നത്.
