ദില്ലിയിൽ ആശങ്കയായി എച്ച്1എൻ1 ബാധിതരുടെ എണ്ണത്തിൽ വർധനവ്, ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 രോഗബാധിതർ

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ എച്ച്1എൻ1 (പന്നിപ്പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡൽഹിയിൽ കടുത്ത ജാഗ്രതാ നിർദേശം നൽകി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ ആറിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ ഡൽഹിയിൽ 1777 എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തുടർച്ചയായി പെയ്യുന്ന മൺസൂൺ മഴയും കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനവുമാണ് വൈറസ് അതിവേഗം പടർന്നുപിടിക്കാൻ കാരണമായതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
