ജോര്‍ദാനില്‍ യു.എസ്. സൈന്യത്തെ ലക്ഷ്യമിട്ട് ഇറാന്; തിരിച്ചടി ഇറാഖില്‍

ടെഹ്റാൻ/വാഷിങ്ടൺ: മേഖലയിൽ താൽക്കാലികമായി നിലനിന്നിരുന്ന ശാന്തത തകർത്ത് പശ്ചിമേഷ്യയിൽ വീണ്ടും വൻ യുദ്ധഭീതി. ജോർദാനിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ഇറാനെതിരായ വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഇറാൻ തിരിച്ചടിച്ചത്.
ജോർദാനിലെ പ്രധാന യു.എസ് വ്യോമതാവളത്തിനും കമാൻഡ് സെന്ററിനും നേരെ ചൊവ്വാഴ്ചയാണ് മിസൈലുകൾ പതിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും മിസൈലുകൾ തകർത്തതായും യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. കുട്ടികളെ കൊന്നൊടുക്കുന്ന അമേരിക്കൻ ലക്കും ലഗാനുമില്ലാത്ത അതിക്രമങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ആക്രമണമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി) പ്രസ്താവനയിൽ വ്യക്തമാക്കി.
മുന്നറിയിപ്പുകൾ അവഗണിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ അപകടകരമായ പാതയിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ തങ്ങളുടെ നാവികസേന ആക്രമണം നടത്തിയതായും ഐ.ആർ.ജി.സി കൂട്ടിച്ചേർത്തു.
ഇറാഖിൽ വ്യോമാക്രമണം: 20 മരണം
ഇറാൻ ആക്രമണത്തിന് പിന്നാലെ ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾക്ക് നേരെ യു.എസും സൗദിയും സംയുക്ത വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ഇറാഖിലെ അർധസൈനിക വിഭാഗമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് (പി.എം.എഫ്) സ്ഥിരീകരിച്ചു.
ബാഗ്ദാദ്, വാസിത്, നൈനവ, ബസ്ര, കിർകൂക്, കർബല, ദിയാല എന്നീ പ്രവിശ്യകളിലെ പി.എം.എഫ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സഖ്യസേനയുടെ സംയുക്ത വ്യോമാക്രമണം.
എണ്ണവില കുതിക്കുന്നു
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്ന നിലയിലാണ്. ഏഷ്യൻ വിപണിയിൽ ക്രൂഡോയിൽ വിലയിൽ മൂന്ന് ശതമാനത്തിലധികം വർധന രേഖപ്പെടുത്തി. യു.എസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 3.67 ശതമാനം ഉയർന്ന് ബാരലിന് 82.17 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ 3.39 ശതമാനം വർധിച്ച് ബാരലിന് 86.94 ഡോളറിലെത്തിയിട്ടുണ്ട്.
