കുണ്ടറയില് യുവാവിന്റെ കസ്റ്റഡിമരണ ആരോപണം ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം: കുണ്ടറയിൽ യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി. കുണ്ടറ സ്വദേശി സിയാദാണ് (35) മരിച്ചത്. സംഭവത്തിൽ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കൈമാറിയതായി കൊല്ലം സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
ജൂൺ 16-നാണ് ഒരു കേസുമായി ബന്ധപ്പെട്ട് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്ത ശേഷം പിറ്റേന്ന് വിട്ടയച്ചെങ്കിലും സിയാദിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ജൂലൈ രണ്ടിന് കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അതേസമയം, കസ്റ്റഡിയിലിരിക്കെ സിയാദിന് കോവിൽമുക്കിൽ വെച്ച് പൊലീസിന്റെ ക്രൂരമർദനമേറ്റതായി ബന്ധുക്കൾ ആരോപിക്കുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ തന്നെ രോഗവിവരങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നതായും വീട്ടുകാർ വ്യക്തമാക്കി.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. വ്യക്തിയെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നിർബന്ധിത വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കുണ്ടറ പൊലീസ് പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച പൊലീസ് സിയാദിനെ മർദിച്ചിട്ടില്ലെന്ന നിലപാടിലാണ്. കസ്റ്റഡി മരണമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളൊന്നും ആശുപത്രി അധികൃതർ നൽകിയിട്ടില്ലെന്നും പൊലീസ് അവകാശപ്പെടുന്നു. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ വ്യക്തമാക്കി.
