കാർലോസ് എസ്പിയെ തൂക്കിയത് വെറുതെയല്ല! മൗറീഞ്ഞ്യോയുടെ സിസ്റ്റത്തില് റോള് എന്ത്?

കിലിയൻ എംബാപെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ബ്രാഹിം ഡയസ്, ഗോൺസാലോ, എൻഡ്രിക്ക്, മാസ്റ്റന്റുവോനോ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സാന്റിയാഗോ ബെർണബ്യൂവിലെ മൂന്നാം തലമുറ ‘ഗലാക്റ്റിക്കോ’ അറ്റാക്കിങ് നിരയിലേക്ക് ഒരു പുതിയ താരം കൂടി എത്തിയിരിക്കുകയാണ്. ലെവാന്റെയിൽ നിന്ന് റയൽ മാഡ്രിഡ് സ്വന്തമാക്കിയ, ആറടി നാലിഞ്ച് ഉയരമുള്ള 21കാരൻ കാർലോസ് എസ്പിയാണ് മാഡ്രിഡിന്റെ പുതിയ താരം. ഹോസെ മൗറീഞ്ഞ്യോയുടെ തന്ത്രങ്ങളിലേക്ക് ഈ യുവതാരം എത്തുന്നതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ചെൽസിയിൽ ദിദിയർ ദ്രോഗ്ബ, ഇന്റർ മിലാനിൽ ഡിയേഗോ മിലിറ്റോ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊമേറു ലൂക്കാക്കു എന്നിവരെപ്പോലെ ഒരു ‘പ്രോപ്പർ നമ്പർ 9’ സ്ട്രൈക്കറെ കേന്ദ്രീകരിച്ച് ടീമിനെ പടുത്തുയർത്തുന്ന മൗറീഞ്ഞ്യോ ശൈലിയുടെ ഭാഗമായുള്ള പൂർണമായും തന്ത്രപരമായ ഒരു സൈനിങ്ങാണിത്.
പെനാൽറ്റി ബോക്സിനുള്ളിൽ മികച്ച ഏരിയൽ ആധിപത്യം, ബോക്സിലെ കൃത്യമായ പൊസിഷനിങ്, വൺ-ടച്ച് ഫിനിഷുകൾ, വൺ ഓൺ വൺ സാഹചര്യങ്ങളിലെ ഗോൾ സ്കോറിങ് മിടുക്ക്, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് എന്നിവയുള്ള ഒരു ‘ജെനുവിൻ പെനാൽറ്റി ബോക്സ് സ്ട്രൈക്കറാ’ണ് എസ്പി. റയലിനെപ്പോലെ ആക്രമിച്ചു കളിക്കുന്ന ടീമുകൾക്കെതിരെ എതിരാളികൾ ഉപയോഗിക്കുന്ന 5-4-1 പോലുള്ള പ്രതിരോധ തന്ത്രങ്ങളെ ഭേദിക്കാൻ ഇത്തരം ഒരു താരത്തിന്റെ സാന്നിധ്യം ആവശ്യമാണ്. ബെർണാഡോ സിൽവ, ജൂഡ് ബെല്ലിങ്ഹാം, ട്രെന്റ് അലക്സാണ്ടർ അർണോൾഡ്, ആർദ ഗൂളർ എന്നിവർ നൽകുന്ന ക്രോസുകൾ ഇനി ഉയരക്കൂടുതലുള്ള എസ്പിയെ ലക്ഷ്യമാക്കിയാകും എത്തുക. ക്രോസുകളെ അഗ്രസീവായി അറ്റാക്ക് ചെയ്യുന്ന താരത്തിന്റെ ശൈലി എതിർ ടീമുകൾക്ക് വലിയ ഭീഷണിയാകും.
പന്ത് കൈവശം വെച്ച് മാത്രം കളിക്കുന്ന ശൈലിക്ക് പകരം മൗറീഞ്ഞ്യോയുടെ ‘ഡയറക്റ്റ് ഫുട്ബോൾ’ സിസ്റ്റത്തിൽ എസ്പിക്ക് കൃത്യമായ റോളുണ്ട്. എതിർ മധ്യനിരയെ കീറിമുറിക്കാതെ നേരിട്ട് ക്രോസുകളിലൂടെയും ലോങ് ബോളുകളിലൂടെയും എസ്പിയിലേക്ക് പന്തെത്തിച്ച് അപകടം വിതയ്ക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, എതിർ പ്രതിരോധനിരയെ ഷീൽഡ് ചെയ്ത് നിർത്തി എംബാപെക്കും വിനീഷ്യസിനും സ്കോർ ചെയ്യാനുള്ള സ്പേസ് തുറന്നുനൽകാനും പന്തില്ലാതെയും മികച്ച വർക്ക് റേറ്റോടെ പ്രസ്സ് ചെയ്യാനും താരത്തിന് കഴിയും. നിലവിൽ ഉയർന്ന പ്രസ്സിങ് നടത്തുന്ന പ്രമുഖ ടീമുകൾക്കെതിരെ എസ്പി ബുദ്ധിമുട്ടിയേക്കാം എന്നതിനാൽ, മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ കളി തിരിക്കാൻ ശേഷിയുള്ള ഒരു ‘പ്ലാൻ ബി’ അഥവാ ‘ഇംപാക്റ്റ് സബ്ബ്’ ആയിട്ടാകും മൗറീഞ്ഞ്യോ താരത്തെ പ്രധാനമായും ഉപയോഗിക്കുക.
