കാര്‍ഗില്‍ വിജയ് ദിനത്തില്‍ പാകിസ്ഥാന് താരത്തെ ഇടിച്ചിട്ട് ജദുമണി സിങ്; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ക്വാര്‍ട്ടറിലേക്ക്

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ് റിംഗിൽ പാകിസ്താന്റെ സുമമ റഹ്മാനെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ ജദുമണി സിങ്. ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കാണ് (5-0) ജദുമണിയുടെ മിന്നുന്ന വിജയം. ജയത്തോടെ താരം ക്വാർട്ടർ ഫൈനലിൽ ഇടംനേടി.
മത്സരത്തിലുടനീളം ‘ഭാരത് മാതാ കീ ജയ്’, ‘ഇന്ത്യ, ഇന്ത്യ’ വിളികളോടെയാണ് കാണികൾ ഇന്ത്യൻ താരത്തിന് ആവേശം പകർന്നത്. തുടക്കം മുതൽ തന്നെ മികച്ച സാങ്കേതിക തികവും തന്ത്രപരമായ നീക്കങ്ങളുമാണ് ആർമി ബോക്സറായ ജദുമണി പുറത്തെടുത്തത്. ആദ്യ റൗണ്ടിൽ പാക് താരത്തിന്റെ ശൈലി നിരീക്ഷിച്ച ജദുമണി, തുടർന്ന് വേഗതയേറിയ ഹുക്കുകളിലൂടെയും കൃത്യതയാർന്ന പഞ്ചുകളിലൂടെയും മത്സരം പൂർണ്ണമായി തന്റെ കൈപ്പിടിയിലൊതുക്കി.
ജദുമണിയുടെ അതിവേഗ ആക്രമണങ്ങൾക്ക് മുന്നിൽ പാക് താരം പതറുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ ജദുമണി തൊടുത്ത ശക്തമായ വലങ്കയ്യൻ പഞ്ച് തടയാനാകാതെ വന്നതോടെ റഫറിക്ക് സുമമ റഹ്മാന് സ്റ്റാൻഡിങ് കൗണ്ട് നൽകേണ്ടി വന്നു. വിജയം ഉറപ്പിച്ചതോടെ അവസാന റൗണ്ടുകളിൽ ശാന്തനായി റിംഗിൽ നിലയുറപ്പിച്ച ഇന്ത്യൻ താരം, എതിരാളിയുടെ നീക്കങ്ങളെ പ്രതിരോധിച്ച് പോയിന്റുകൾ ഉയർത്തി.
അഞ്ച് ജഡ്ജുമാരും ഒരുപോലെ ഇന്ത്യൻ താരത്തിന് അനുകൂലമായി വിധി എഴുതിയതോടെ 5-0ത്തിന്റെ ഏകപക്ഷീയ വിജയവുമായി ജദുമണി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.
കാർഗിൽ വിജയ് ദിനത്തിൽ തന്നെ പാകിസ്താനെതിരെയുള്ള ഈ അവിസ്മരണീയ വിജയം സ്വന്തമാക്കാനായതിന്റെ ഇരട്ടി സന്തോഷത്തിലാണ് ജദുമണി. മത്സരാനന്തരം താരം ഈ ചരിത്ര വിജയം കാർഗിൽ രക്തസാക്ഷികൾക്കായി സമർപ്പിച്ചു.
“ഈ ജയം ഞാൻ കാർഗിൽ വീരന്മാർക്ക് സമർപ്പിക്കുന്നു. വരും മത്സരങ്ങളിലും വിജയം ആവർത്തിച്ച് ഇന്ത്യക്കായി സ്വർണം നേടുകയാണ് എന്റെ ലക്ഷ്യം.” – ജദുമണി പറഞ്ഞു.
ഈ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തേകിയിരിക്കുകയാണ് ഈ ആർമി താരം. ഇനി ഒരു വിജയം കൂടി സ്വന്തമാക്കാനായാൽ ജദുമണിക്ക് മെഡൽ ഉറപ്പിക്കാം.
