യു.കെ മന്ത്രിസഭാ പുനഃസംഘടന: മുൻനിര പദവികളിൽ മൂന്ന് ഇന്ത്യൻ വംശജർ

ലണ്ടൻ: യു.കെയിൽ ആൻഡി ബേൺഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ പാർട്ടി സർക്കാരിൽ നിർണായക പദവികളിലേക്ക് മൂന്ന് ഇന്ത്യൻ വംശജർ. ബിഹാറിൽ ജനിച്ച കനിഷ്ക നാരായൺ രാജ്യത്തെ ആദ്യത്തെ നിർമ്മിത ബുദ്ധി (എ.ഐ) മന്ത്രിയായി ചുമതലയേറ്റു. ഇതോടൊപ്പം ആദ്യമായി പാർലമെന്റിലെത്തിയ സത്വീർ കൗറിനും ഹർപ്രീത് ഉപ്പലിനും മുൻനിര ഭരണപദവികൾ ലഭിച്ചു.
സത്വീർ കൗറിനെ പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിലാണ് നിയമിച്ചിരിക്കുന്നത്. പാർലമെന്ററി കാര്യങ്ങൾ ഏകോപിപ്പിക്കുന്ന അസിസ്റ്റന്റ് വിപ്പ് ചുമതലയാണ് ഹർപ്രീത് ഉപ്പലിന് നൽകിയിട്ടുള്ളത്. ഇതിനുപുറമെ, മുൻ സ്റ്റാമർ മന്ത്രിസഭയിൽ അംഗമായിരുന്ന കൊൽക്കത്ത വംശജ ലിസാ നന്ദി പുതിയ ബേൺഹാം മന്ത്രിസഭയിലും സ്ഥാനം നിലനിർത്തിയിട്ടുണ്ട്. തമിഴ് പാരമ്പര്യമുള്ള ശ്രീലങ്കൻ ഹിന്ദു എം.പിയായ ഉമാ കുമാരനാണ് വിദേശകാര്യ ഓഫീസിലെ സഹമന്ത്രി.
അതേസമയം, മുൻ സർക്കാറിന്റെ ഭാഗമായിരുന്ന ഇന്തോ-പസഫിക് മന്ത്രി സീമ മൽഹോത്ര, ആരോഗ്യ സഹമന്ത്രി പ്രീത് കൗർ ഗിൽ എന്നിവർക്ക് ഇത്തവണ അവസരം ലഭിച്ചില്ല.
നിയുക്ത മന്ത്രിമാർ: ഒറ്റനോട്ടത്തിൽ
- കനിഷ്ക നാരായൺ: ബിഹാറിലെ മുസഫർപൂർ സ്വദേശിയായ കനിഷ്ക 12-ാം വയസ്സിലാണ് കുടുംബത്തോടൊപ്പം വെയിൽസിലേക്ക് കുടിയേറുന്നത്. ഈറ്റൺ കോളജ്, ഓക്സ്ഫഡ്, സ്റ്റാൻഫോഡ് സർവകലാശാലകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 2024 ജൂലൈയിൽ ‘വെയ്ൽ ഒഫ് ഗ്ലാമോർഗനിൽ’ നിന്നാണ് ലേബർ പ്രതിനിധിയായി പാർലമെന്റിലെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി വകുപ്പിൽ പാർലമെന്ററി അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
- സത്വീർ കൗർ: പഞ്ചാബ് വംശജരായ മാതാപിതാക്കളുടെ മകളായ സത്വീർ കൗർ 2024 ജൂലൈയിലാണ് ‘സതാംപ്റ്റൺ ടെസ്റ്റ്’ മണ്ഡലത്തിൽ നിന്ന് ആദ്യമായി ജനപ്രതിനിധിയാകുന്നത്. 2025 സെപ്റ്റംബർ മുതൽ കാബിനറ്റ് ഓഫീസിൽ പാർലമെന്ററി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്.
- ഹർപ്രീത് ഉപ്പൽ: ‘ഹഡേഴ്സ്ഫീൽഡ്’ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹർപ്രീത് ഉപ്പലിന് ലേബർ പാർട്ടിയുടെ പാർലമെന്ററി ഏകോപനവും സഭയിലെ വോട്ടെടുപ്പുകളിൽ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുമുള്ള ചുമതലയാണുള്ളത്.
