കരളിനെ തിന്നുന്ന ‘നിശബ്ദ കൊലയാളി’; ലോകത്ത് വർഷം മരിക്കുന്നത് 13 ലക്ഷം പേർ, ജാഗ്രത വേണം!

ലോകത്താകമാനം പ്രതിവർഷം 13 ലക്ഷത്തോളം ആളുകളുടെ ജീവനെടുക്കുന്ന ‘നിശബ്ദ കൊലയാളി’യായി ഹെപ്പറ്റൈറ്റിസ് രോഗം മാറുമ്പോഴും വേണ്ടത്ര ഗൗരവം നൽകാതെ സമൂഹം. കരളിനെ ബാധിക്കുന്ന ഈ രോഗം പലപ്പോഴും പ്രാരംഭഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ലെന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സിറോസിസ്, കരൾ അർബുദം (Liver Cancer) തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്ക് രോഗി എത്തിയേക്കാം.
ശരീരത്തിലെ വിഷാംശങ്ങൾ നീക്കുക, ദഹനം സുഗമമാക്കുക, ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക തുടങ്ങി ജീവൽപ്രധാനമായ ധർമങ്ങൾ നിർവഹിക്കുന്ന കരളിനെ ബാധിക്കുന്ന നീർക്കെട്ടാണ് ഹെപ്പറ്റൈറ്റിസ്.
കാരണങ്ങൾ പലത്
വൈറസ് ബാധയാണ് ഹെപ്പറ്റൈറ്റിസിന്റെ പ്രധാന കാരണം. എ, ബി, സി, ഡി, ഇ (Hepatitis A, B, C, D, E) എന്നിങ്ങനെ അഞ്ച് തരം വൈറസുകളാണ് രോഗത്തിന് കാരണമാകുന്നത്. ഇതിന് പുറമെ അമിതമായ മദ്യപാനം, വിഷപദാർത്ഥങ്ങളുടെ ഉപയോഗം, ഫാറ്റി ലിവർ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ, സ്വയം പ്രതിരോധ രോഗങ്ങൾ (Autoimmune diseases), അപൂർവമായ ജനിതക തകരാറുകൾ എന്നിവയും രോഗത്തിന് വഴിതെളിക്കാം.
പകരുന്ന വഴി
- ഹെപ്പറ്റൈറ്റിസ് എ, ഇ: മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ സാധാരണയായി പകരുന്നത്.
- ഹെപ്പറ്റൈറ്റിസ് ബി, സി, ഡി: രോഗബാധിതരുടെ രക്തം സ്വീകരിക്കൽ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമാക്കാത്ത സൂചികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഉപയോഗം, ഗർഭകാലത്തോ പ്രസവസമയത്തോ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നിവ വഴിയാണ് ഇവ പകരുന്നത്.
ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ആരംഭത്തിൽ ലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലും, ചിലരിൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകാം:
- ശക്തമായ ക്ഷീണം, പനി
- വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന
- കണ്ണിനും ചർമ്മത്തിനും ഉണ്ടാകുന്ന മഞ്ഞനിറം
- ഇരുണ്ട നിറത്തിലുള്ള മൂത്രം
വാക്സിനേഷനും പ്രതിരോധവും
ലഭ്യമായ പ്രതിരോധ മാർഗങ്ങൾ ഉപയോഗിച്ചാൽ വലിയൊരു ശതമാനം മരണങ്ങളും ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
- നവജാതശിശുക്കൾക്ക് വാക്സിൻ: ഹെപ്പറ്റൈറ്റിസ് ബി-ക്കെതിരായ വാക്സിൻ എല്ലാ നവജാത ശിശുക്കൾക്കും കൃത്യസമയത്ത് നൽകേണ്ടത് നിർബന്ധമാണ്. ഹെപ്പറ്റൈറ്റിസ് എ-ക്കും ബി-ക്കും ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്.
- ശുചിത്വം പ്രധാനം: ശുദ്ധമായ കുടിവെള്ളവും ശുചിത്വമുള്ള ഭക്ഷണവും മാത്രം ഉപയോഗിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
- സുരക്ഷിതത്വം ഉറപ്പാക്കുക: രക്തപരിശോധന ഉറപ്പുവരുത്തിയ രക്തം മാത്രം സ്വീകരിക്കുക. അണുവിമുക്തമാക്കിയ സൂചികളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക.
ചികിത്സ ഇന്ന് സുഗമം
ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങൾക്ക് മികച്ച ചികിത്സ ഇന്ന് ലഭ്യമാണ്. പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സി പൂർണമായി ഭേദമാക്കാൻ കഴിയുന്ന ആധുനിക ഔഷധങ്ങൾ ലഭ്യമാണ്. അപകടസാധ്യതയുള്ളവർ സമയബന്ധിതമായി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയോ രോഗമുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുകയോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
