കടലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി ; നീണ്ടകരയില്‍ ഡ്രോണും മുങ്ങല്‍ വിദഗ്ദ്ധരും

കൊല്ലം: വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ നടപടികൾ വ്യാപിപ്പിച്ചു. വിഴിഞ്ഞം, അഞ്ചുതെങ്ങ്, നീണ്ടകര എന്നിവിടങ്ങളിൽനിന്ന് കാണാതായ മൂന്നുപേരെ കണ്ടെത്താനാണ് കോസ്റ്റ്ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് തിരച്ചിൽ നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ആരംഭിച്ച് തിരച്ചിലിനായി ഡ്രോണുകളും ഹെലികോപ്റ്ററും മുങ്ങൽ വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പാറക്കെട്ടുകൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്നത്.
നീണ്ടകര അഴിമുഖത്ത് വള്ളംമറിഞ്ഞ് അപകടത്തിൽപെട്ട ഏഴുവയസ്സുകാരൻ ഗൗതം കൃഷ്ണയെ കാണാതായിട്ട് ഏഴുദിവസം പിന്നിട്ടു. കുട്ടിക്കായുള്ള തെരച്ചിൽ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും തീരവാസികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഡ്രോണും കൂടുതൽ ആളുകളെയും ഉൾപ്പെടുത്തി തെരച്ചിൽ വിപുലമാക്കുമെന്ന് ജില്ലാ കളക്ടർ രേഷ്മയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തെരച്ചിൽ തൃപ്തികരമല്ലെന്നാരോപിച്ച് തീരമേഖലയിൽ ജനരോഷം ശക്തമാണ്. ഡിവൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
നേരത്തെ, ഗൗതമിന്റെ മാതാവ് രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഷ്മയുടെ ഭർത്താവ് രാധാകൃഷ്ണൻ, അച്ഛൻ രാജീവൻ, മകൻ ഗൗതം കൃഷ്ണ എന്നിവർ സഞ്ചരിച്ച വള്ളം അപകടത്തിൽപെട്ടത്. രാധാകൃഷ്ണൻ, രാജീവൻ എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. സജ്ജീകരണങ്ങൾ വർധിപ്പിച്ച് തെരച്ചിൽ പുനരാരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് രേഷ്മ സമരം അവസാനിപ്പിച്ചത്.
അതേസമയം, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള തെരച്ചിൽ കാര്യക്ഷമമല്ലെന്ന് അഞ്ചുതെങ്ങിൽനിന്ന് കാണാതായ ഷിജിന്റെയും വിഴിഞ്ഞത്തുനിന്ന് കാണാതായ ജോണിന്റെയും കുടുംബങ്ങൾ ആരോപിച്ചു. സ്വന്തം നിലയ്ക്ക് സ്കൂബ ഡൈവർമാരെ എത്തിച്ചാണ് ഷിജിനായി തിരച്ചിൽ നടത്തിയതെന്ന് ഭാര്യ പറഞ്ഞു. ഷിജിന്റെ സുഹൃത്തുക്കളായ മുങ്ങൽ വിദഗ്ധരാണ് കടലിൽ തെരച്ചിൽ നടത്തിയത്.
ജോണിനെ കാണാതായിട്ട് എട്ടുദിവസം പിന്നിട്ട ശേഷമാണ് അധികൃതർ ഇടപെടുന്നതെന്ന് മകൾ കുറ്റപ്പെടുത്തി. ഇന്നലെ കളക്ടറേറ്റിൽ എത്തി കളക്ടറെ കണ്ടിരുന്നുവെന്നും തമിഴ്നാട് തീരങ്ങളിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മകൾ വ്യക്തമാക്കി.
