ഓണമിങ്ങെത്താറായി, സ്വർണാഭരണങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? വില ഇനിയും കൂടുമോ? പ്രതീക്ഷയിൽ വ്യാപാരികൾ

തിരുവനന്തപുരം: ദിവസങ്ങൾക്കകം എത്തുന്ന ഓണം വിപണിയിൽ സ്വർണവില വീണ്ടും വർധിക്കാൻ സാധ്യതയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഭാഗിക ധാരണകൾ ആഗോള വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, എണ്ണവിലയിലും യുഎസ് ട്രഷറി ബോണ്ട് ആദായത്തിലുമുണ്ടായ ഇടിവ് സ്വർണ നിക്ഷേപത്തിന് കൂടുതൽ തിളക്കം പകർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയിലെ ട്രെൻഡ്
- വില മുന്നേറ്റം: സാങ്കേതിക വിശകലന പ്രകാരം സ്വർണം ഔൺസിന് 4,400 ഡോളറിന് മുകളിൽ സ്ഥിരത കൈവരിച്ചാൽ അടുത്ത ലക്ഷ്യങ്ങൾ 4,600, 4,700, 4,800 ഡോളർ വരെയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
- സുരക്ഷിത നിക്ഷേപം: ആഗോളതലത്തിലെ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേമമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുത്തനെ ഉയർത്തുന്നുണ്ട്.
കേരളീയ വിപണിയും ഓണം പ്രതീക്ഷകളും
ഉയർന്നവില നിലനിൽക്കുന്നുണ്ടെങ്കിലും വിവാഹങ്ങൾ, കുടുംബാഘോഷങ്ങൾ, സമ്മാനങ്ങൾ കൈമാറൽ എന്നിവ ഓണം സീസണിലെ വിപണിക്ക് കരുത്തേകുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. വില ഇനിയും ഉയർന്നേക്കാമെന്ന പ്രതീക്ഷയിൽ പഴയ സ്വർണം വിൽക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾ വാങ്ങലിൽ നിന്ന് പിന്മാറുന്നില്ലെങ്കിലും, ഭാരം കുറഞ്ഞതും ട്രെൻഡിയുമായ ഡിസൈനുകൾക്കാണ് ഇപ്പോൾ കൂടുതൽ പ്രിയം.
ഓണത്തോടനുബന്ധിച്ചുള്ള സ്വർണ്ണോത്സവ ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, സമ്മാന പദ്ധതികൾ എന്നിവയിലൂടെ വ്യാപാരം സജീവമാകുമെന്നാണ് പ്രതീക്ഷ. ഏതായാലും ഈ വർഷത്തെ ഓണക്കാലം കേരളത്തിലെ സ്വർണ വ്യാപാര മേഖലയ്ക്ക് ഏറ്റവും വലിയ ഉണർവ് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് വ്യാപാരികൾ.
