‘ഉറക്കവും പസിലുകളും ഔറയ്ക്കൊപ്പമുള്ള കളിയും; ഇടയ്ക്ക് വേഗത കുറയ്ക്കുന്നത് അത്ര മോശമല്ല’; പരിക്കിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് രശ്മിക മന്ദാന

ഹൈദരാബാദ്: സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന തെന്നിന്ത്യൻ പ്രിയനടി രശ്മിക മന്ദാന തന്റെ ആരോഗ്യനിലയെക്കുറിച്ചും നിലവിലെ ദിനചര്യകളെക്കുറിച്ചും തുറന്നുപറയുന്നു. വിശ്രമവേളകളെ ഏറെ പോസിറ്റീവായി സമീപിക്കുന്ന താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.
ജീവിതത്തിൽ ഇടയ്ക്കൊന്ന് വേഗത കുറയ്ക്കുന്നത് മോശമല്ലെന്നാണ് രശ്മിക കുറിക്കുന്നത്. അലാറങ്ങളുടെ ശല്യമില്ലാതെ ശരീരം ആവശ്യപ്പെടുമ്പോൾ മാത്രം ഉണരുക, കൃത്യമായ വിശ്രമം, പസിലുകൾ, വായന, ചർമ്മ-മുടി സംരക്ഷണം, കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കൽ എന്നിവയിലൂടെയാണ് തന്റെ ദിവസങ്ങൾ കടന്നുപോകുന്നത്. ഒപ്പം തന്റെ പ്രിയപ്പെട്ട വളർത്തുനായ ‘ഔറ’യ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും തിരക്കുകൾ കാരണം കാണാൻ സാധിക്കാതിരുന്ന കല്യാണ ഫോട്ടോകളും വീഡിയോകളും കാണുന്നതുമെല്ലാം ഈ വിശ്രമകാലത്തെ സന്തോഷകരമാക്കുന്നുവെന്ന് താരം പറയുന്നു.
‘മൈസ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ വലതു ഇടുപ്പെല്ലിലെ ടെൻഡോണിന് പരിക്കേറ്റത്. പരിക്കിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.
