ഒറ്റ ചാർജിൽ 1700 കിലോമീറ്റർ! 3 സെക്കൻഡിൽ 100 കിലോമീറ്റർ സ്പീഡ്; ഈ ചൈനീസ് കാറുകൾ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രമുഖ ചൈനീസ് വാഹന നിർമാതാക്കളായ ചെറി ഓട്ടോമൊബൈൽസ് ഇന്ത്യയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. രാജ്യത്തെ ഇന്റലക്ച്വൽ പ്രോപ്പർട്ടി (ഐപി) ഡയറക്ടറിയിൽ കമ്പനി മൂന്ന് പുതിയ മോഡലുകളുടെ ഡിസൈൻ പേറ്റന്റുകൾ രജിസ്റ്റർ ചെയ്തു. ജെഎസ്ഡബ്ല്യു മോട്ടോഴ്സ് ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുമായി സഹകരിച്ചാകും ചെറി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
അത്യാധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ പ്രകടനവും സമന്യയിപ്പിക്കുന്ന ഫുൾവിൻ എക്സ്3എൽ, ലെപാസ് എൽ4, എക്സീഡ് എക്സ്ലാന്റിക്സ് ഇഎസ്7 ജിടി എന്നീ മോഡലുകളുടെ പേറ്റന്റാണ് കമ്പനി സ്വന്തമാക്കിയത്.
പ്രധാന മോഡലുകളും സവിശേഷതകളും:
- എക്സീഡ് എക്സ്ലാന്റിക്സ് ഇഎസ്7 ജിടി (Exeed Exlantix ES7 GT)ശ്രദ്ധേയമായ പ്രകടനമികവോടെ എത്തുന്ന ഷൂട്ടിംഗ് ബ്രേക്ക് സ്റ്റേഷൻ വാഗൺ മോഡലാണിത്. 1000 വോൾട്ട് ഇവി ആർക്കിടെക്ചറും ട്രിപ്പിൾ മോട്ടോർ സംവിധാനവുമുള്ള ഈ വാഹനത്തിന് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3 സെക്കൻഡ് മാത്രം മതി. 41 kWh ബാറ്ററിയും 1.5 ലിറ്റർ റേഞ്ച് എക്സ്റ്റൻഡർ പെട്രോൾ എഞ്ചിനും അടങ്ങുന്ന ഹൈബ്രിഡ് സംവിധാനത്തിലൂടെ ഒറ്റത്തവണ മുഴുവൻ ചാർജിലും ഇന്ധനത്തിലും 1,700 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു.
- ചെറി ഫുൾവിൻ എക്സ്3എൽ (Chery Fulwin X3L)പരുക്കൻ ബോക്സി ഡിസൈനിലുള്ള എസ്യുവിയാണിത്. കമ്പനിയുടെ ‘കുൻപെങ് ഗോൾഡൻ റിഇവി’ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 33.7 kWh ബാറ്ററിയും 1.5 ലിറ്റർ പെട്രോൾ റേഞ്ച് എക്സ്റ്റൻഡറുമുള്ള വാഹനം ഇലക്ട്രിക് മോഡിൽ മാത്രം 215 കിലോമീറ്റർ സഞ്ചരിക്കും. 422 bhp കരുത്തുള്ള ഓൾ-വീൽ ഡ്രൈവ് (AWD) പതിപ്പ് 4.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം തൊടും.
- ചെറി ലെപാസ് എൽ4 (Chery Lepas L4)സ്പോർട്ടി ലുക്കിലുള്ള കോംപാക്ട് പെട്രോൾ എസ്യുവിയാണിത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്ലാമ്പുകൾ, ക്രോം ഗ്രിൽ, സ്പോർട്ടി അലോയ് വീലുകൾ എന്നിവയാണ് പുറംമോടിയിലെ പ്രധാന ആകർഷണം. അകത്തളത്തിൽ 13.2 ഇഞ്ച് പോർട്രെയിറ്റ് ടച്ച്സ്ക്രീനും ഡിജിറ്റൽ ക്ലസ്റ്ററുമുണ്ട്. 145 bhp കരുത്തും 255 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ആഡംബരവും സുരക്ഷയും
പ്രീമിയം വിഭാഗത്തെ ലക്ഷ്യമിടുന്നതിനാൽ പ്രീമിയം ലെതർ ഇന്റീരിയർ, 15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, പാസഞ്ചർമാർക്കായി 12.3 ഇഞ്ച് ഡിസ്പ്ലേ, സുരക്ഷ ഉറപ്പാക്കുന്ന ‘ഫാൽക്കൺ 700 എഡിഎഎസ്’ (ADAS) സംവിധാനം എന്നിവയും ഈ വാഹനങ്ങളിൽ പ്രതീക്ഷിക്കാം.
ഇന്ത്യൻ വിപണിയിലെ ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിപണിയിലെത്തിയാൽ നിലവിലെ പ്രമുഖ വാഹന നിർമാതാക്കൾക്ക് ചെറി കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.
