എംജി മോട്ടോറിന്റെ കിടിലൻ സർപ്രൈസ്! 3.2 സെക്കൻഡിൽ 100 km/h! എംജി സൈബർസ്റ്റർ ക്യൂച്ചർ എഡിഷൻ ഇന്ത്യയിൽ
കൊച്ചി: ഇന്ത്യൻ ആഡംബര ഇലക്ട്രിക് വാഹന വിപണിയിൽ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി എംജി മോട്ടോർ. ലോകപ്രശസ്ത ഡിസൈനർ ഗൗരവ് ഗുപ്തയുമായി സഹകരിച്ച് പുറത്തിറക്കിയ പുതിയ എംജി എം9 ക്യൂച്ചർ എഡിഷൻ, സൈബർസ്റ്റർ ക്യൂച്ചർ എഡിഷൻ എന്നിവ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തി. രാജ്യത്താകെ ആകെ 50 യൂണിറ്റുകൾ മാത്രം പരിമിതപ്പെടുത്തിയാണ് ഈ പ്രത്യേക പതിപ്പുകൾ എത്തുന്നത്. വാഹനങ്ങളുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

വിലവിവരങ്ങൾ
- എംജി എം9 ക്യൂച്ചർ എഡിഷൻ: 84.94 ലക്ഷം രൂപ (എക്സ്ഷോറൂം)
- എംജി സൈബർസ്റ്റർ ക്യൂച്ചർ എഡിഷൻ: 87.49 ലക്ഷം രൂപ (എക്സ്ഷോറൂം)
സവിശേഷതകളോടെ ഗൗരവ് ഗുപ്ത ഡിസൈൻ
പ്രശസ്ത ഡിസൈനർ ഗൗരവ് ഗുപ്തയുടെ ‘സർപന്റ് ഇൻഫിനിറ്റി’ (Serpent Infinity) ഡിസൈൻ പ്രമേയമാണ് ഈ പ്രത്യേക പതിപ്പുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങളുടെ പുറംഭാഗത്ത് സർപന്റ് ഇൻഫിനിറ്റി ലോഗോയും പ്രത്യേക ബാഡ്ജുകളും ഇടംപിടിച്ചിട്ടുണ്ട്. എംജി എംബ്ലങ്ങൾക്ക് ആകർഷകമായ സ്വർണ നിറത്തിലുള്ള ഫിനിഷും നൽകിയിട്ടുണ്ട്.
മുൻവശത്തെ എംജി ലോഗോയ്ക്ക് ചുറ്റും ഓറഞ്ച് നിറത്തിലുള്ള ഡിസൈൻ ഘടകങ്ങളും രണ്ട് എക്സ്ക്ലൂസീവ് ബ്രൂച്ചുകളും നൽകിയിരിക്കുന്നു. ടോണോ കവറിലെ സർപന്റ് ഇൻഫിനിറ്റി ലോഗോ എംബ്രോയ്ഡറിയും ഡാഷ്ബോർഡിലെ പ്രത്യേക ക്യൂച്ചർ എഡിഷൻ ലയബ്ലിങ്ങും വാഹനങ്ങളുടെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നു. എന്നാൽ ഡിസൈനിലെ ഈ മാറ്റങ്ങൾ ഒഴികെ വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങളിൽ മാറ്റങ്ങളില്ല.
എംജി എം9 ക്യൂച്ചർ എഡിഷൻ: പെർഫോമൻസ്
90 കിലോവാട്ട് അവർ ബാറ്ററി പാക്കുമായാണ് എം9 എത്തുന്നത്. ഒറ്റ ഇലക്ട്രിക് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവുമാണ് ഇതിലുള്ളത്.
- കരുത്ത്: 245 ബി.എച്ച്.പി
- ടോർക്ക്: 350 എൻ.എം
- റേഞ്ച്: ഒറ്റ ചാർജിൽ 548 കിലോമീറ്റർ വരെ (MIDC സർട്ടിഫൈഡ്)
എംജി സൈബർസ്റ്റർ ക്യൂച്ചർ എഡിഷൻ: വെടിയുണ്ട പോലെയുള്ള വേഗത
ഇലക്ട്രിക് സ്പോർട്സ് കാറായ സൈബർസ്റ്റർ ക്യൂച്ചർ എഡിഷനിൽ 77 കിലോവാട്ട് അവർ ബാറ്ററി പാക്കും ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് സംവിധാനവുമാണ് നൽകിയിരിക്കുന്നത്.
- കരുത്ത്: 510 ബി.എച്ച്.പി
- ടോർക്ക്: 725 എൻ.എം
- പ്രകടനം: പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 3.2 സെക്കൻഡ് മാത്രം മതി.
- റേഞ്ച്: ഒരു പൂർണ്ണ ചാർജിൽ 580 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും.
“എംജി സൈബർസ്റ്ററും എം9-ഉം തങ്ങളുടെ വിഭാഗത്തിലെ ഏറ്റവും പ്രിയപ്പെട്ട ആഡംബര ഇലക്ട്രിക് വാഹനങ്ങളാണ്. ക്യൂച്ചർ എഡിഷനിലൂടെ ഈ വാഹനങ്ങൾക്ക് കൂടുതൽ പ്രത്യേകതയും അപൂർവതയും നൽകുകയാണ് ലക്ഷ്യം.”
— മിലിന്ദ് ഷാ, എംജി സെലക്ട് മേധാവി
പരിമിതമായ ലഭ്യതയും ആകർഷകമായ ഫീച്ചറുകളും കാരണം ആഡംബര ഇലക്ട്രിക് വാഹന പ്രേമികൾക്കിടയിൽ ഈ പുതിയ പതിപ്പുകൾ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
