ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

തിരുവനന്തപുരം: കാര്യവട്ടത്തിന് പുറമെ എറണാകുളത്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക അനുമതി. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാൻ കൃഷി വകുപ്പ് ഉത്തരവിറക്കി.
2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഈ നടപടി. കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി. അതേസമയം, പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധിത വ്യവസ്ഥകളും സർക്കാർ ഉത്തരവിൽ മുന്നോട്ട് വെച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മുൻ സർക്കാറിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി പരിശോധിച്ച് ശുപാർശ ചെയ്തിരുന്നെങ്കിലും നിയമപരമായ സാങ്കേതിക തടസ്സങ്ങൾ കാരണം അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, സ്പോർട്സ് മന്ത്രി വി. അബ്ദുറഹ്മാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നിയമഭേദഗതി കൊണ്ടുവരികയും എൽ.ഡി.എഫ് സർക്കാറിന്റെ اخിര ക്യാബിനറ്റിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയുമായിരുന്നു. കെ.സി.എയ്ക്ക് ഭൂപരിഷ്കരണ നിയമത്തിലും ഇളവ് അനുവദിച്ചിരുന്നു.
പിന്നീട് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷ് എന്നിവരുടെ ഇടപെടലുകളോടെ നടപടികൾ വേഗത്തിലാവുകയും സംസ്ഥാനതല സമിതി വീണ്ടും നൽകിയ ശുപാർശ സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയുമായിരുന്നു.
സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് വേദിയാകുന്നതോടെ കായിക ടൂറിസത്തിനും സമ്പദ്വ്യവസ്ഥയ്ക്കും വലിയ ഉണർവുണ്ടാകും. പദ്ധതിക്കായി ബി.സി.സി.ഐയുടെ അനുമതി നേടിയതിനും ഏകോപനം നടത്തിയതിനും ഡബ്ല്യു.പി.എൽ ചെയർമാൻ ജയേഷ് ജോർജിന് അദ്ദേഹം നന്ദി അറിയിച്ചു.
ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കുമെന്ന് ജയേഷ് ജോർജ് അറിയിച്ചു. മുൻപ് ഐ.സി.സി ചെയർമാൻ ജയ് ഷായും പ്രദേശം സന്ദർശിച്ചിരുന്നു. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് ലോകോത്തര സ്റ്റേഡിയം നിർമ്മിക്കുമെന്നും മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്നും കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.
