‘അസലായവളേ..’; ‘ഖലീഫ’യിലെ വീഡിയോ ഗാനം പുറത്ത്, സംഗീതം ജേക്സ് ബിജോയ്

കൊച്ചി: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഖലീഫ’യിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അസലായവളേ..’ എന്ന പ്രണയഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ജേക്സ് ബിജോയ് – സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് മുത്തുവാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിൽ സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മിന്നൽവള’ (നരിവേട്ട), ‘പറയുവാൻ’ (ഇഷ്ക്) എന്നീ ഗാനങ്ങൾ വൻ ഹിറ്റുകളായിരുന്നു.
ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ‘മാമ്പറയ്ക്കൽ ആമിർ അലി’യായി പൃഥ്വിരാജ് എത്തുമ്പോൾ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. മാളവികയുടെ കന്നി മലയാള സിനിമ കൂടിയാണിത്.
ജിനു വി. എബ്രഹാം തിരക്കഥയെഴുതി ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോണാണ്. ചമൻ ചാക്കോ ചിത്രസംയോജനവും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. വസ്ത്രാലങ്കാരം മഷർ ഹംസയും മേക്കപ്പ് അമൽ ചന്ദ്രനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
