അമ്പമ്പോ എന്തൊരു കുതിപ്പ്, ഇന്ത്യൻ കളക്ഷനിലും റെക്കോര്‍ഡിട്ട് സ്പൈഡര്മാൻ, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു

സിനിമകളുടെ വിജയവും പരാജയവും കോടികളുടെ ബോക്സ് ഓഫീസ് കണക്കുകളില്‍ മാത്രം അളക്കപ്പെടുന്ന കാലമാണിത്. മറ്റു ഭാഷകളിലെ വലിയ ചിത്രങ്ങള്‍ സംസ്ഥാനത്തിന്റെയോ ദേശത്തിന്റെയോ അതിരുകളില്ലാതെ സ്വീകരിക്കപ്പെടുന്ന കാഴ്ചയാണ് സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ കാണാനാകുന്നത്. ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ക്കൊപ്പം ഹോളിവുഡ് ചിത്രങ്ങളും രാജ്യത്ത് വന്‍ വിജയം നേടാറുണ്ട്. ഈ നിരയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ ‘സ്പൈഡര്മാന്: ബ്രാന്‍ഡ് ന്യൂ ഡേ’ ബോക്സ് ഓഫീസില്‍ പുതിയ ചരിത്രം രചിക്കുകയാണ്.
ചിത്രത്തിന്റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ഇന്ത്യയാണ് സിനിമയുടെ ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. റിലീസ് ദിനമായ ജൂലൈ 30-ന് ചിത്രം ഇന്ത്യയില്‍ മാത്രം നേടിയത് 73 കോടി രൂപയാണ്. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് കളക്ഷനാണിത്.
എന്നാല്‍ ആദ്യദിന റെക്കോര്‍ഡുകളെയും പിന്തള്ളുന്ന കുതിപ്പാണ് ചിത്രത്തിന് പിന്നീട് ലഭിച്ചത്. സോണി പിക്ചേഴ്സ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ ഇന്ത്യന്‍ ഗ്രോസ് ഇതിനോടകം 216 കോടി രൂപയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വലിയ രീതിയിലുള്ള തിയറ്റര്‍ തിരക്കാണ് ചിത്രത്തിന് അനുഭവപ്പെട്ടത്. പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയില്‍ മണിക്കൂറില്‍ 60,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്.
കൊളംബിയ പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഡെസ്റ്റിന് ഡാനിയല്‍ ക്രെറ്റണ്‍ ആണ്. ക്രിസ് മക്കെന്ന, എറിക് സോമേഴ്സ് എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ടോം ഹോളണ്ട് സ്പൈഡര്‍മാനായി എത്തുന്ന ചിത്രത്തില്‍ സെന്‍ഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലണ്‍, ജോണ്‍ ബേണ്‍താല്‍, ഫ്ലോറന്‍സ് പ്യൂ, ട്രമെല്‍ ടില്‍മാന്‍, മരീസ ടൊമെയ്, മാര്‍ക് റുഫാലോ തുടങ്ങിയ പ്രമുഖ താരനിരയും അണിനിരക്കുന്നുണ്ട്
