അപ്രഖ്യാപിത വിസ വിലക്കെന്ന് പാക് വ്യാപാരികളുടെ ആരോപണം; നിഷേധിച്ച് യുഎഇ, വ്യാപാരത്തെയും കയറ്റുമതിയെയും ബാധിക്കുന്നതായി വ്യാപാരികൾ

യുഎഇയിൽ പാകിസ്ഥാൻ പൗരന്മാർക്ക് അപ്രഖ്യാപിത വിസ വിലക്കുണ്ടെന്ന ആരോപണവുമായി പാക് വ്യാപാരികൾ രംഗത്ത്. വിസ ലഭിക്കാതായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയും കയറ്റുമതിയെയും ബിസിനസ് പ്രവർത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നതായാണ് പരാതി. എന്നാൽ വിസ വിലക്കുണ്ടെന്ന വാദം യുഎഇ അധികൃതർ ശക്തമായി നിഷേധിച്ചു.
വർഷങ്ങളായി യുഎഇയുമായി വാണിജ്യ ബന്ധമുള്ള പ്രമുഖ വ്യാപാരികൾക്കും നിക്ഷേപകർക്കും കയറ്റുമതിക്കാർക്കും നിലവിൽ വിസ ലഭിക്കാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ പാക് പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളിലുമുള്ള വിസ അപേക്ഷകളിൽ സാധാരണ പോലെ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് യുഎഇ നൽകുന്ന ഔദ്യോഗിക വിശദീകരണം.
വ്യാപാര സംഘടനകളുടെ പ്രതിഷേധം
ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് ദീർഘകാലമായി ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വ്യാപാരികൾക്ക് വിസ നിരസിക്കപ്പെടുകയാണെന്ന് റാവൽപിണ്ടി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി. വിഷയത്തിൽ യുഎഇ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്ന് കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികളും ചൂണ്ടിക്കാട്ടി.
കയറ്റുമതിക്ക് പുറമെ ആരോഗ്യമേഖലയെയും ടൂറിസത്തെയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. സന്ദർശക-ഫാമിലി വിസകൾ ലഭിക്കുന്നത് കഠിനമായതോടെ യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിച്ചതായി ഏവിയേഷൻ രംഗത്തെ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
