ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ, സ്ഥിരീകരിച്ച് യുഎഇ അന്വേഷണം; 'വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം പ്രചോദനമായി'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ബെൻ ഗൂറിയൻ എയർപോർട്ടിൽ ഇടിച്ചിറക്കാൻ ഒമാനി സഹപൈലറ്റ് ശ്രമിച്ചതായി യുഎഇ അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ചു.
അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമാമി (29) ശ്രമിച്ചതായി യുഎഇ അന്വേഷണ റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ചാണ് വിമാനം തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചത്.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2001-ലെ വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി കൃത്യത്തിന് മുതിർന്നത്. 2017-ൽ ഓസ്ട്രേലിയയിൽ പഠനത്തിലായിരുന്ന കാലയളവ് മുതൽ ഇയാൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് യുഎഇ അന്വേഷണസംഘം വ്യക്തമാക്കുന്നു. എന്നാൽ, സംഭവത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെയോ മറ്റ് സംഘടനകളുടെയോ സഹായം ഉണ്ടായിട്ടില്ലെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.
തീവ്രവാദ പശ്ചാത്തലം തിരിച്ചറിഞ്ഞില്ല
2020 മുതൽ 2024 വരെ ഒമാൻ എയറിൽ സേവനമനുഷ്ഠിച്ചിരുന്ന ഇയാൾ ബോക്സിംഗിലും പരിശീലനം നേടിയിട്ടുണ്ട്. മുൻപ് രണ്ടുതവണ ടെൽ അവീവിലേക്ക് ഇയാൾ വിമാനത്തിൽ യാത്ര ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ പശ്ചാത്തല പരിശോധനകൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് ഇയാൾ ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ചത്. ഇയാളുടെ തീവ്രവാദ പശ്ചാത്തലത്തെക്കുറിച്ച് യാതൊരു സൂചനയും മുൻപ് ലഭിച്ചിരുന്നില്ല.
കോക്ക്പിറ്റിൽ ക്യാപ്റ്റനെ വീഴ്ത്തി, സംശയത്തിനിടനൽകാതെ ടെൽ അവീവിലേക്ക് വിമാനം പറത്തി ലാൻഡിംഗ് അനുമതി വരെ വാങ്ങി അവസാന നിമിഷം ബെൻ ഗൂറിയൻ എയർപോർട്ടിൽ ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ പദ്ധതി.
നാടകീയ നീക്കങ്ങൾക്കൊടുവിൽ കീഴ്പ്പെടുത്തി
കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റന് നേരെ ആക്രമണമുണ്ടായപ്പോൾ, മടക്കയാത്രയിൽ വിമാനം പറത്തേണ്ടിയിരുന്ന മറ്റൊരു പൈലറ്റ് പ്രത്യേക സുരക്ഷാ കോഡ് ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
ആക്രമണത്തെ തുടർന്ന് മൂന്നാമത്തെ പൈലറ്റ് വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി സൗദി അറേബ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തുകയുമായിരുന്നു. മുൻപും സമാനരീതിയിൽ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും യുഎഇ റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.




