'അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം'; യുദ്ധം അവസാനിപ്പിക്കാൻ പരിഹാരം നിർദേശിച്ചെന്ന് ഇറാൻ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മുന്നിൽ പരിഹാരം നിർദേശിച്ചെന്ന് ഇറാൻ. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം എന്നാണ് ഇറാന്‍ അറിയിക്കുന്നത്. അമേരിക്കൻ നിലപാട് നാളെ ഉണ്ടായേക്കും.
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യത്തിന് അയവുവരുത്താൻ ലക്ഷ്യമിട്ട് അമേരിക്കയ്ക്ക് പരിഹാര നിർദേശം മുന്നോട്ടുവെച്ചതായി ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളിൽ തങ്ങൾ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ നിലപാടറിയിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"അമേരിക്ക യഥാർഥത്തിൽ സമാധാനവും പരിഹാരവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ചർച്ചകളുമായി മുന്നോട്ട് പോകാം. ഉപാധികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും മധ്യസ്ഥരായ ഖത്തറിന് കൈമാറിയിട്ടുണ്ട്," - അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഉപരോധങ്ങൾ പിൻവലിക്കുന്നതും ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിലെ നിലപാടാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
ഖത്തർ വഴി അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഇന്നും ആവർത്തിച്ചു. ചർച്ചകൾ സംബന്ധിച്ച അമേരിക്കൻ മറുപടി ഇന്ന് ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഖത്തർ മുഖേന ചർച്ചകൾ നടക്കുന്നുണ്ടെന്ന വിവരം അമേരിക്കൻ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.




