യുഎഇയിൽ കൊടുംചൂടിന് ശമനം, മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്; ഇനി തണുപ്പേറിയ ദിവസങ്ങൾ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യുഎഇയിൽ താപനില കുറയുന്നു; 'അൽ വസ്മ്' സീസൺ ആരംഭിക്കുന്നതോടെ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത. കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾ കാരണം കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
ദുബായ്: കഠിനമായ വേനൽച്ചൂടിൽ വെന്തുരുകിയ യുഎഇയിൽ താപനില കുറയുന്നു. ഒക്ടോബർ മാസത്തോടെ രാജ്യത്ത് തണുപ്പേറിയ ദിവസങ്ങൾ എത്തുന്നതോടൊപ്പം വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. വേനലിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒക്ടോബറിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ പ്രകടമായ കുറവുണ്ടാകും.
ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന 'അൽ വസ്മ്' സീസണാണ് രാജ്യത്തേക്ക് തണുത്ത കാറ്റും മഴയും കൊണ്ടുവരുന്നത്. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കുന്നതനുസരിച്ച്, ഒക്ടോബർ പകുതിയോടെ ശൈത്യകാല മേഘങ്ങൾ പ്രത്യക്ഷപ്പെടാനും ശരത്കാലത്തിന്റെ രണ്ടാം പകുതിയിൽ മഴ ലഭിക്കാനുമുള്ള സാധ്യത ഏറുകയാണ്. സൂര്യന്റെ തെക്കോട്ടുള്ള അയനനം മൂലം പകലും രാവും തുല്യ ദൈർഘ്യത്തിലാവുകയും തുടർന്ന് രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യും.
കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ഇതോടൊപ്പം പെട്ടെന്നുള്ള ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അറേബ്യൻ കടലിൽ നിന്നും ഒമാൻ ഉൾക്കടലിൽ നിന്നുമുള്ള ഈർപ്പമുള്ള കാറ്റും അന്തരീക്ഷ വ്യതിയാനങ്ങളും ഒന്നിക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ആശ്വാസകരമായ കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക.




