‘മതതീവ്രവാദി, സ്ത്രീകളുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു’: ഫ്ലൈദുബായ് അക്രമിയെക്കുറിച്ച് റിപ്പോർട്ടുകൾ പറയുന്നത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഫ്ലൈദുബായ് വിമാനത്തിൽ ക്യാപ്റ്റനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഒമാനി പൈലറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അദ്ദേഹം കടുത്ത മതവിശ്വാസി ആണെന്നും സ്ത്രീകൾക്ക് ഹസ്തദാനം ചെയ്യാൻ മടിക്കുന്നത്ര അളവിൽ മതചിന്തയുള്ള ആളാണെന്നും പറയുന്നു.
ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ ക്യാപ്റ്റനെ കുത്തിക്കൊലപ്പെടുത്താനും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും ശ്രമിച്ച ഒമാനി പൈലറ്റ് കടുത്ത മതവിശ്വാസിയും തീവ്രനിലപാടുകാരനുമായിരുന്നുവെന്ന് സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ. സ്ത്രീകൾക്ക് ഹസ്തദാനം നൽകാൻ പോലും വിസമ്മതിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഇയാളിൽ നിന്ന് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എട്ട് മാസം മുമ്പാണ് പ്രതി ഫ്ലൈദുബായിൽ ജോലിക്കെത്തിയതെന്ന് സഹപൈലറ്റിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ജോലിസ്ഥലത്ത് എയർലൈൻസ് സംസ്കാരത്തിന് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഇയാൾ വെച്ചുപുലർത്തിയിരുന്നതെന്നും ദിവസം മുഴുവൻ പ്രാർത്ഥനയിൽ മുഴുകുകയും സ്ത്രീകളുമായി ഇടപഴകാൻ വിസമ്മതിക്കുകയും ചെയ്തിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
സംഭവത്തെക്കുറിച്ച് ഇസ്രായേൽ അധികാരികൾ ഭീകരാക്രമണ സാധ്യതയടക്കം മുൻനിർത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സൗദി അധികാരികളുടെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രതിയുടെ പെരുമാറ്റത്തിലെ തീവ്ര സ്വഭാവം ഇസ്രായേലി മാധ്യമങ്ങളും 'ഡെയിലി മെയിലും' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒമാനുമായി ഇസ്രായേലിന് നയതന്ത്ര ബന്ധമില്ലാതിരിക്കെ, ഇസ്രായേലിലേക്കുള്ള വിമാനത്തിൽ ഒമാൻ പൗരനായ പൈലറ്റിനെ ജോലിക്ക് നിയോഗിച്ചതിനെതിരെ വിമാന ജീവനക്കാർക്കിടയിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്. വൻ ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന സംഭവത്തെ ഭീകരാക്രമണ ശ്രമമായാണ് ഇസ്രായേൽ ഭരണകൂടം വിലയിരുത്തുന്നത്.




