വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഇന്ത്യൻ സൈന്യം വധിച്ച ഭീകരനെന്ന് പറഞ്ഞ് വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത് വ്യാജനെ; അപരനെ പൊക്കി വിദഗ്ധർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇന്ത്യൻ സൈന്യം വധിച്ച ലഷ്കർ ഭീകരൻ ഹാഷിം മൂസ ജീവനോടെയുണ്ടെന്ന് കാട്ടാൻ അപരനെ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച പാക് സൈന്യത്തിന്റെ നാടകം വിദഗ്ധർ പൊളിച്ചു. മുഖലക്ഷണങ്ങളും ചിത്രങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചതോടെയാണ് പാകിസ്താന്റെ ആൾമാറാട്ടശ്രമം ആഗോളതലത്തിൽ വീണ്ടും നാണംകെട്ടത്.
പാകിസ്ഥാന് വീണ്ടും ആഗോളതലത്തിൽ തിരിച്ചടി. ഇന്ത്യൻ സൈന്യം വധിച്ച ലഷ്കറെ തൊയിബ കമാൻഡർ ഹാഷിം മൂസ ജീവനോടെയുണ്ടെന്ന് വരുത്തിതീർക്കാൻ പാക് സൈന്യം നടത്തിയ വാർത്താസമ്മേളനം വ്യാജമാണെന്ന് തെളിഞ്ഞു. ഹാഷിം മൂസ എന്ന പേരിൽ വാർത്താസമ്മേളനത്തിൽ അപരനെ അവതരിപ്പിച്ചാണ് പാക് സൈന്യം അപഹാസ്യരായത്. സ്വതന്ത്ര ഏജൻസികളും പ്രതിരോധ മേഖലയിലെ വിദഗ്ധരും നടത്തിയ പരിശോധനയിലാണ് പാകിസ്താന്റെ നാടകം പൊളിഞ്ഞത്.
ജമ്മുകശ്മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കർ കമാൻഡറായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ ഇന്ത്യൻ സൈന്യം വധിച്ചത്. പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ കശ്മീരിൽ സാധാരണക്കാർക്കും സുരക്ഷാസേനയ്ക്കും നേരെ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാൾ. മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സുരക്ഷാ സംഘത്തിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ, ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാൻ പാക് സൈന്യത്തിന്റെ മാധ്യമവിഭാഗം സാദൃശ്യമുള്ള മറ്റൊരാളെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയായിരുന്നു. താൻ 2000-ൽ പാക് സൈന്യത്തിൽ ചേരുകയും 2023-ൽ എസ്.എസ്.ജി ഹവിൽദാറായി വിരമിക്കുകയും ചെയ്തയാളാണെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നുമാണ് ഇയാൾ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്.
തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തയാളുടെ ചിത്രങ്ങളും വിദഗ്ധർ താരതമ്യം ചെയ്യുകയായിരുന്നു. ഇതോടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തയാളുടെ മുഖത്തിന്റെ ആകൃതി, മൂക്ക്, ചെവി, കണ്ണുകളുടെ സ്ഥാനം എന്നിവ ഹാഷിം മൂസയുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി. ഇതോടെയാണ് പാകിസ്താന്റെ ആൾമാറാട്ട ശ്രമം പുറത്തായത്.




