പരിക്കുകള്‍ തിരിച്ചടിയാകുന്നു; ന്യൂസിലന്‍ഡ് പര്യടനത്തിന് ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ ഉണ്ടായേക്കില്ല
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകുന്നതോടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇരുവർക്കും കളിക്കാനായേക്കില്ല. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനത്തിനിടെയാണ് ഇരുവർക്കും വീണ്ടും പരിക്കേറ്റത്.
ബെംഗളൂരു: പരിക്കിനെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം തുടരുന്നതിനിടെയാണ് ഇരുവർക്കും വീണ്ടും പരിക്കേറ്റത്. ഇതോടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇരുവരുടെയും പങ്കാളിത്തം അനിശ്ചിതത്വത്തിലായി.
2026 ഐ.പി.എല്ലിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ, ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പരിശീലനങ്ങൾ പൂർത്തിയാക്കി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാൽ മാച്ച് സിമുലേഷനിടെ വലത് കാൽക്കണ്ടത്തിൽ വീണ്ടും വേദന അനുഭവപ്പെടുകയായിരുന്നു. എം.ആർ.ഐ സ്കാനിങ്ങിന് ശേഷം താരത്തിന് എട്ട് ആഴ്ചത്തെ വിശ്രമവും വിറ്റാമിൻ ഡി മരുന്നുകളും ബിസ്ഫോസ്ഫൊണേറ്റ് തെറാപ്പിയും നിർദേശിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലാണ് ഹർഷിത് റാണ അവസാനമായി ഇന്ത്യക്കായി കളിച്ചത്. മാച്ച് സിമുലേഷനിടെ താരത്തിന് ഇടത് തുടയിലെ പേശികൾക്ക് നേരിയ വേദന അനുഭവപ്പെടുകയായിരുന്നു. പനിയും തൊണ്ടവേദനയും കൂടി പിടിപെട്ടതോടെ പൂർണമായി സുഖം പ്രാപിച്ച ശേഷമേ ഹർഷിത് പരിശീലനത്തിലേക്ക് മടങ്ങിയെത്തൂ.




