'മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്'; തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിദ് ജമീല്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഖാലിദ് ജമീൽ തോൽവികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഗെയിം പ്ലാൻ പാളിയെന്നും കളിക്കാരെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൽക്കത്ത: ഉറുഗ്വെയ്ക്കും ബ്രസീലിനുമെതിരായ കനത്ത തോൽവികളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഖാലിദ് ജമീൽ. തന്റെ ഗെയിം പ്ലാൻ പാളിയതാണെന്നും മോശം ഫലങ്ങളുടെ പേരിൽ കളിക്കാരെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഫ്രണ്ട്ലി മത്സരങ്ങളിൽ ബ്രസീലിനോട് 4-0നും സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഉറുഗ്വെയോട് 6-1നുമാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിൽ നിന്നായി പത്ത് ഗോളുകൾ വഴങ്ങേണ്ടി വന്നത് കടുത്ത നിരാശയാണെന്ന് ജമീൽ പറഞ്ഞു. ബെംഗളൂരുവിൽ പനാമയോട് സമനില വഴങ്ങിയാണ് ഇന്ത്യ ഈ മത്സരങ്ങളിലേക്ക് എത്തിയത്. ഉറുഗ്വെയ്ക്കെതിരെ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
"ഇത്തരം അനുഭവങ്ങൾ ഫുട്ബോളിൽ സ്വാഭാവികമാണ്. ലോകോത്തര ടീമുകൾക്കെതിരെ കളിക്കുമ്പോൾ സമ്മർദ്ദം നേരിടേണ്ടി വരും. കളിക്കാർ നിർദേശങ്ങൾ അനുസരിക്കാത്തത് കൊണ്ടല്ല തോൽവി സംഭവിച്ചത്, എന്റെ തന്ത്രങ്ങൾക്ക് നിലവാരത്തിനൊത്തുയരാൻ സാധിച്ചില്ല. അതിന്റെ പൂർണമായ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു," ജമീൽ മാധ്യമങ്ങളോട് പറഞ്ഞു.
തുടർച്ചയായ മത്സരങ്ങളുടെ ആദ്യ 45 മിനിറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചെങ്കിലും പിന്നീട് ശാരീരികക്ഷമതയിലും ഏകാഗ്രതയിലും വന്ന കുറവാണ് തിരിച്ചടിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടീമിൽ സ്ഥിരത ഉറപ്പാക്കാൻ കൂടുതൽ പരിശീലന ക്യാമ്പുകൾ ആവശ്യമാണെന്നും ബ്രസീൽ, ഉറുഗ്വെ തുടങ്ങിയ കരുത്തരായ ടീമുകളുമായി ഏറ്റുമുട്ടുന്നത് ഇന്ത്യൻ ടീമിന്റെ യഥാർത്ഥ നിലവാരം മനസ്സിലാക്കാൻ സഹായിക്കുമെന്നും കോച്ച് വ്യക്തമാക്കി.
വരുന്ന നവംബറിൽ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം.




