2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റ്: ഐപിഎല്‍ താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിക്കും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 09:20 AM
പങ്കുവെക്കുക:
ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റ്: ഐപിഎല്‍ താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിക്കും
ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റ്: ഐപിഎല്‍ താരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമിനെ ഭുവനേശ്വര്‍ കുമാര്‍ നയിക്കുംകേരളപ്രഭാതം

ഒക്ടോബർ 30 മുതൽ നടക്കുന്ന ഹോങ്കോംഗ് സിക്സസ് ടൂർണമെന്റിൽ ഭുവനേശ്വർ കുമാർ നയിക്കുന്ന ശക്തമായ ഏഴംഗ ഇന്ത്യൻ ടീമിൽ ക്രുനാൽ പാണ്ഡ്യ, നിതീഷ് റാണ, ടി. നടരാജൻ തുടങ്ങിയ പ്രമുഖ ഐ.പി.എൽ താരങ്ങൾ അണിനിരക്കും.

മുംബൈ: വരാനിരിക്കുന്ന ഹോങ്കോംഗ് സിക്‌സസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ നയിക്കും. ഒക്ടോബർ 30 മുതൽ നവംബർ ഒന്നു വരെയാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഐ.പി.എല്ലിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

​ഭുവനേശ്വർ കുമാറിന് പുറമെ ക്രുനാൽ പാണ്ഡ്യ, ശശാങ്ക് സിങ്, രാഹുൽ തെവാട്ടിയ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ടി. നടരാജൻ എന്നിവരാണ് ഏഴംഗ സംഘത്തിലുള്ളത്. ശശാങ്ക് സിങ് ഒഴികെയുള്ള മറ്റു താരങ്ങളെല്ലാം ഇതിനകം ഇന്ത്യൻ ദേശീയ ടീമിനായി കളത്തിലിറങ്ങിയവരാണ്.

​പരിചയസമ്പത്തും വെടിക്കെട്ട് ബാറ്റിങ് മികവും ഓൾറൗണ്ടർമാരുടെ സാന്നിധ്യവും ചേർന്ന മികച്ച നിരയാണ് ഇന്ത്യയുടേത്. ആറുപേർ വീതം അണിനിരക്കുന്ന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫോർമാറ്റുകളിലൊന്നാണ് ഹോങ്കോംഗ് സിക്സസ്.

​ക്രുനാൽ പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവരുടെ ആക്രമണ ബാറ്റിങ്ങും ടീമിന് കരുത്താകും. മത്സരങ്ങൾ അവസാന ഓവറുകളിൽ തിരിച്ചുവിടാൻ ശേഷിയുള്ള ശശാങ്ക് സിങ്, രാഹുൽ തെവാതിയ എന്നിവരുടെ ഫിനിഷിങ് ശേഷിയും ടി. നടരാജന്റെ ഇടംകയ്യൻ പേസ് ബൗളിങ്ങും ഇന്ത്യൻ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

​കഴിഞ്ഞ പതിപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ ഡി.എൽ.എസ് നിയമപ്രകാരം രണ്ടു റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയതെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലിൽ കുവൈത്തിനെ തോൽപ്പിച്ച് കിരീടം നേടിയ പാകിസ്താനാണ് നിലവിലെ ചാമ്പ്യന്മാർ.

​ടിൻ ക്വോങ് റോഡ് റെക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന മൂന്നു ദിവസത്തെ പോരാട്ടത്തിൽ എട്ട് ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളും നാല് അസോസിയേറ്റ് അംഗങ്ങളും ഉൾപ്പെടെ 12 ടീമുകൾ മാറ്റുരയ്ക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)