ഏഷ്യൻ ഗെയിംസ്: ഇന്ത്യ-പാക് സ്വപ്നഫൈനലിന് അരങ്ങൊരുങ്ങി, ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

112 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 9 പന്തുകൾ ബാക്കിനിൽക്കെ (11.3 ഓവറിൽ) 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ആദ്യ സെമി ഫൈനലിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചു. ജപ്പാനിലെ കോറോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ജയത്തോടെ പാകിസ്ഥാൻ സ്വർണ മെഡൽ പോരാട്ടത്തിന് അർഹത നേടി. ഒക്ടോബർ മൂന്നിനാണ് ഫൈനൽ മത്സരം.
മഴമൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിൽ പതറിയെങ്കിലും തൗഹിദ് ഹൃദോയിയുടെ (42) വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ ബംഗ്ലാദേശ് 13 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു. പാകിസ്ഥാനായി സുഫിയാൻ മുഖീം 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
112 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ (11.3 ഓവറിൽ) നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അബ്ദുൾ സമദ് (15 പന്തില്‍ 30*), സയിം അയ്യൂബ് (12 പന്തില്‍ 21), ഹസൻ നവാസ് (22 പന്തില്‍ 27*) എന്നിവരുടെ പ്രകടനമാണ് പാകിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. തുടക്കത്തിൽ ക്യാപ്റ്റൻ സാഹിബ്സാദ ഫര്‍ഹാനെ (1) നഷ്ടമായെങ്കിലും മാസ് സദാഖത്ത് (7 പന്തില്‍ 15), ഉസ്മാന്‍ ഖാന്‍ (9 പന്തില്‍ 14) എന്നിവരും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ വിജയിച്ചാൽ ഫൈനലിൽ ചിരവൈരികളായ ഇന്ത്യ-പാകിസ്ഥാൻ സ്വപ്ന പോരാട്ടത്തിന് അരങ്ങൊരുങ്ങും. തോൽവി വഴങ്ങിയ ബംഗ്ലാദേശ് വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ തോൽക്കുന്നവരുമായി ഏറ്റുമുട്ടും




