2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബ്രസീൽ - ഇന്ത്യ സൗഹൃദ പോരാട്ടം ഇന്ന് കൊൽക്കത്തയിൽ; പോരാട്ടവീര്യത്തോടെ ഇന്ത്യ, ലക്ഷ്യം ജയം മാത്രമെന്ന് ബ്രസീൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 05:10 AM
പങ്കുവെക്കുക:
ബ്രസീൽ - ഇന്ത്യ സൗഹൃദ പോരാട്ടം ഇന്ന് കൊൽക്കത്തയിൽ; പോരാട്ടവീര്യത്തോടെ ഇന്ത്യ, ലക്ഷ്യം ജയം മാത്രമെന്ന് ബ്രസീൽ
ബ്രസീൽ - ഇന്ത്യ സൗഹൃദ പോരാട്ടം ഇന്ന് കൊൽക്കത്തയിൽ; പോരാട്ടവീര്യത്തോടെ ഇന്ത്യ, ലക്ഷ്യം ജയം മാത്രമെന്ന് ബ്രസീൽകേരളപ്രഭാതം

​അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആദ്യമായി ഏറ്റുമുട്ടുമ്പോൾ, കരുത്തരായ കാനറികളെ സമനില ആത്മവിശ്വാസത്തിൽ നേരിടാനൊരുങ്ങുകയാണ് ഖാലിദ് ജമീലിന്റെ ഇന്ത്യൻ നിര.

​കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ചരിത്ര നിമിഷത്തിന് ഇന്ന് വിസിൽ മുഴങ്ങും. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ മഞ്ഞപ്പട രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. സോണി ടെൻ, സോണി ലിവ് എന്നിവയിലൂടെ മത്സരം തത്സമയം കാണാം.

​അന്താരാഷ്ട്ര സീനിയർ ഫുട്ബോളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്നത് ഇതാദ്യമായാണ്. ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിൽ മാറ്റുരയ്ക്കുമ്പോൾ കളി ഏകപക്ഷീയമാകുമെന്നാണ് വിലയിരുത്തലെങ്കിലും, പോരാട്ടവീര്യത്തോടെ ഇറങ്ങാനാണ് ഖാലിദ് ജമീലിന്റെ പരിശീലനത്തിലിറങ്ങുന്ന ഇന്ത്യൻ നിരയുടെ തീരുമാനം. ലോകകപ്പിലെ തിരിച്ചടികൾക്ക് ശേഷം റൊട്ടേഷൻ സമ്പ്രദായത്തിലൂടെ പുതിയ നിരയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി.

​വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ് തുടങ്ങിയ സൂപ്പർ താരങ്ങളടങ്ങിയ വമ്പൻ നിരയുമായാണ് കാനറികൾ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് റയാൻ വില്യംസ്, മാൻവീർ സിങ്, ആകാശ് മിശ്ര എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.

​കഴിഞ്ഞ മത്സരത്തിൽ കരുത്തരായ പാനമയെ 1-1ന് സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മൈതാനത്തിറങ്ങുന്നത്. ഓസ്ട്രേലിയയെ 4-2ന് തോൽപ്പിച്ചാണ് ബ്രസീലിന്റെ വരവ്. ബ്രിസ്ബനിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ കൊൽക്കത്തയിലെത്തിയ ബ്രസീൽ ടീം പരിശീലനം പൂർത്തിയാക്കി.

​ഇന്ത്യ മികച്ച നിലവാരമുള്ള സംഘമാണെന്നും പാനമയ്ക്കെതിരെ അവർ കാഴ്ചവെച്ചത് മികച്ച പ്രകടനമാണെന്നും ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു. ലൈനപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഇപ്പോൾ വെളിപ്പെടുത്തില്ല എന്നായിരുന്നു ആഞ്ചലോട്ടിയുടെ മറുപടി. ആത്മാർഥതയും നിലവാരവും ആഹ്ലാദവും ഒത്തുചേരുന്ന ഫുട്ബോളാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബ്രസീലിനെ പോലൊരു വമ്പന്മാരെ നേരിടാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)