വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം നിര്‍ണായകമായേക്കും; ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റാഞ്ചി വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ മഞ്ഞുവീഴ്ച നിർണായകമാകുമെന്നതിനാൽ ടോസ് നേടുന്നവർക്ക് മുൻതൂക്കം ലഭിക്കും. ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താൻ ഇറങ്ങുമ്പോൾ ടിക്കറ്റുകൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
റാഞ്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി-20 പോരാട്ടത്തിന് റാഞ്ചി കളമൊരുങ്ങുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പവും മഞ്ഞുവീഴ്ചയും മത്സരഫലത്തിൽ നിർണായകമാകും. തണുപ്പ് ക്രമേണ കനക്കുന്ന സാഹചര്യത്തിൽ മത്സരത്തിൽ ടോസ് നേടുന്ന ടീമിന് വ്യക്തമായ മുൻതൂക്കം ലഭിക്കാനാണ് സാധ്യത.
കഴിഞ്ഞദിവസം നടന്ന ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ തന്നെ മൈതാനത്ത് കനത്ത ഈർപ്പം ദൃശ്യമായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പന്തെറിയുന്നത് ബൗളർമാർക്ക് ഏറെ ബുദ്ധിമുട്ടാക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ഇന്ത്യ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താനാണ് ഇറങ്ങുന്നത്.
സ്പിന്നിനെ പിന്തുണച്ച പിച്ചിൽ നടന്ന ഒന്നാം പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 171 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, 15 ഓവറിൽ ലക്ഷ്യം മറികടന്നിരുന്നു. കുട്ടി ക്രിക്കറ്റിലെ കന്നി സെഞ്ച്വറി കുറിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
ടിക്കറ്റുകൾക്കായി വൻ തിരക്ക്; കരിഞ്ചന്ത സജീവം
38,000 പേരെ ഉൾക്കൊള്ളാവുന്ന റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയം മത്സരസമയത്ത് പൂർണ്ണമായും നിറഞ്ഞു കവിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് ഉയർന്നതോടെ കരിഞ്ചന്തയും സജീവമായിട്ടുണ്ട്. 3,500 രൂപയുടെ ടിക്കറ്റുകൾ 6,000 രൂപയ്ക്കാണ് മറിച്ചുവിൽക്കുന്നതെന്ന് പ്രാദേശിക ഓട്ടോ ഡ്രൈവർ പ്രതികരിച്ചു.
2023 ജനുവരിക്ക് ശേഷം ആദ്യമായാണ് റാഞ്ചി രാജ്യാന്തര ട്വന്റി-20 മത്സരത്തിന് വേദിയാകുന്നത്. അന്ന് ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യ നയിച്ച ഇന്ത്യ 21 റൺസിന് പരാജയപ്പെട്ടിരുന്നു. കിവീസ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. എങ്കിലും ആ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനമാണ് ഈ വേദിയിൽ ഒടുവിൽ നടന്ന അന്താരാഷ്ട്ര മത്സരം.




