'ടെസ്റ്റ് അവസരങ്ങള്‍ ഇല്ലാതായി ’ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

"പത്തു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു റെഡ് ബോൾ കയ്യിലെടുക്കുന്നത്. അന്ന് ഈ കളിയോട് ഇത്രമേൽ പ്രണയത്തിലാകുമെന്ന് കരുതിയിരുന്നില്ല. ക്ഷമയും പ്രതിരോധവും മണിക്കൂറുകളോളം ക്രീസിൽ പോരാടാനുള്ള കരുത്തും എന്നെ പഠിപ്പിച്ചത് റെഡ് ബോൾ ക്രിക്കറ്റാണ്. ഇന്ത്യക്കായി ടെസ്റ്റ് ക്യാപ് അണിയുക എന്നത് എന്നും എന്റെ സ്വപ്നമായിരുന്നു. അത് നടന്നില്ലെങ്കിലും റെഡ് ബോൾ നൽകിയ ഓർമ്മകളിൽ ഞാൻ സംതൃപ്തനാണ്. എന്നാൽ പോരാട്ടം ഇവിടെ അവസാനിച്ചിട്ടില്ല. രാജ്യത്തിനായി ഏകദിനത്തിലും ട്വന്റി20യിലും തിരിച്ചെത്താനുള്ള ദാഹം ഇപ്പോഴുമുണ്ട്" - ചാഹൽ കുറിച്ചു.
മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാനുള്ള അവസരങ്ങൾ ഇല്ലാതായ പശ്ചാത്തലത്തിലാണ് 36-കാരനായ ചാഹൽ റെഡ് ബോൾ ഫോർമാറ്റുകളോട് വിടപറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം തീരുമാനമറിയിച്ചത്.
ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി ലോർഡ്സിൽ മിഡിൽസെക്സിനെതിരെ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് പോരാട്ടമെന്ന് ചാഹൽ വ്യക്തമാക്കി.
തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ഭാരവാഹികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
2009-ൽ ഹരിയാനയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ചാഹൽ, 49 മത്സരങ്ങളിൽ നിന്നായി 32.27 ശരാശരിയിൽ 148 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കൗണ്ടിയിൽ നോർത്താംപ്ടൺഷെയറിനായി താരം കഴിഞ്ഞ സീസണിൽ 16.14 ശരാശരിയിൽ 21 വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പ്രകടനവും കാഴ്ചവെച്ചിരുന്നു.
ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ട്വന്റി20 മത്സരങ്ങളിലും പന്തെറിഞ്ഞ ചാഹൽ, 2024-ലെ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിലും അംഗമായിരുന്നു. 2023 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യൻ ജേഴ്സിയിൽ കളത്തിലിറങ്ങിയത്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ് താരമായ ചാഹൽ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ കൂടിയാണ്.




